| Friday, 21st November 2025, 9:43 pm

മരിച്ചത് വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാല്‍; കത്തിയമര്‍ന്ന തേജസിലെ പൈലറ്റിനെ തിരിച്ചറിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യന്‍ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണ് മരിച്ച പൈലറ്റിനെ തിരിച്ചറിഞ്ഞു. വ്യോമസേന വിങ് കമാന്‍ഡര്‍ നന്‍ഷ് സ്യാലാണ് മരിച്ചത്. ഹിമാചല്‍ പ്രദേശ് കംഗ്ര സ്വദേശിയാണ് നമന്‍ഷ്.

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എക്‌സ് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി വിവരം അറിയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച പ്രാദേശിക സമയം 2.10ഓടെയാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങളിലൊന്ന് ദുബായില്‍ തകര്‍ന്നുവീണത്.

ദുബായ് എയര്‍ ഷോയുടെ ഭാഗമായുള്ള പരിശീലന പറക്കിലിനിടെയായിരുന്നു തേജസ് തകര്‍ന്നുവീണത്. ദുബായ് അല്‍ മക്തൂം വിമാനത്താവളത്തിന് സമീപത്തായിരുന്നു സംഭവം.

തേജസ് പങ്കെടുക്കുന്ന പതിനേഴാമത് വ്യോമാഭ്യാസത്തിനിടെയാണ് സംഭവമുണ്ടായത്. അപകടത്തിന്റെ കാരണം കണ്ടെത്താനായി വിശദമായ അന്വേഷണത്തിന് ഇന്ത്യന്‍ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.

അപകടത്തില്‍ പൈലറ്റിന് മാരകമായ പരിക്കുകളേറ്റിരുന്നെന്നും പൈലറ്റിന്റെ മരണത്തില്‍ അഗാധ ദുഖം രേഖപ്പെടുത്തുന്നുവെന്നും വ്യോമസേന പറഞ്ഞിരുന്നു. കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്കുചേരുന്നതായും വിശദമായ അന്വേഷണം നടത്തുമെന്നുമായിരുന്നു എക്‌സ് പോസ്റ്റിലൂടെയുള്ള പ്രതികരണം.

അതേസമയം, അപകടത്തെ തുടര്‍ന്ന് ദുബായ് എയര്‍ ഷോ നിര്‍ത്തിവെച്ചു. എയര്‍ ഷോയുടെ അവസാന ദിനമായിരുന്നു ഇന്ന്.

രാജ്യത്തിന് അഭിമാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശീയമായി നിര്‍മിച്ച യുദ്ധ വിമാനമാണ് തേജസ്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സാണ് നിര്‍മാതാക്കള്‍.

അതേസമയം, രണ്ട് വര്‍ഷത്തിനിടയില്‍ തേജസ് വിമാനം ഉള്‍പ്പെട്ട രണ്ടാമത്തെ അപകടമാണിത്.

2024 മാര്‍ച്ചില്‍ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ തേജസ് വിമാനം തകര്‍ന്നുവീണിരുന്നു. അന്ന് പൈലറ്റിന് രക്ഷപ്പെട്ടിരുന്നു.

2001ലാണ് തേജസ് ചരിത്രത്തിലാദ്യമായി പറന്നുയര്‍ന്നത്. അതിനുശേഷമുണ്ടായ ആദ്യത്തെ അപകടമായിരുന്നു 2024ലേത്.

സിംഗിള്‍ സീറ്റ് ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെടുന്ന തേജസ് തകര്‍ന്നുവീണതായി ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.

തേജസ് ജെറ്റിന്റെ പ്രധാന സവിശേഷത അതിന്റെ മാര്‍ട്ടിന്‍-ബേക്കര്‍ സീറോ-സീറോ എജക്ഷന്‍ സീറ്റെന്നാണ് പറയപ്പെടുന്നത്.

ഈ സാങ്കേതിക വിദ്യ പൈലറ്റുമാര്‍ക്ക് ടേക്ക് ഓഫ്, ലാന്‍ഡിങ് തുടങ്ങിയ സമയങ്ങളിലെ ദുര്‍ഘടമായ അവസ്ഥയിലും പൈലറ്റിനെ സുരക്ഷിതമായി ഇജക്ട് ചെയ്യാന്‍ സഹായിക്കുന്നതാണ്.

Content Highlight: Tejas Fighter Jet Crash: Pilot who died in Accident identified as IAF Wing Commander Namansh Syal

We use cookies to give you the best possible experience. Learn more