| Sunday, 1st December 2013, 10:06 am

തേജ്പാലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പനാജി: ലൈംഗികാരോപണക്കേസില്‍ അറസ്റ്റിലായ തെഹല്‍ക്ക പത്രാധിപര്‍ തരുണ്‍ തേജ്പാലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തേജ്പാല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് ശേഷമാണ് തേജ്പാലിനെ അറസ്റ്റ് ചെയ്യുന്നത്.

ഇന്നലെ രാത്രി 12.30ന് ഗോവ മെഡിക്കല്‍ കോളജില്‍ തേജ്പാലിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം രണ്ട് മണിക്കാണ് പനാജിയിലെ പോലീസ് സ്‌റ്റേഷന്‍ ലോക്കപ്പിലടച്ചത്.

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പനാജി സെഷന്‍സ് കോടതിയുടെ വിധി ശനിയാഴ്ച രാത്രി 8.10ഓടെയാണ് പുറത്തുവന്നത്. വിധി വരുമ്പോള്‍ ഡോണ പോള ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു തേജ്പാല്‍.

തേജ്പാലിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ ലൈംഗീക പീഡന ആരോപണത്തിലെ സത്യാവസ്ഥ അറിയാന്‍ കഴിയൂവെന്ന ഗോവ പൊലീസിന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് സെഷന്‍സ് ജഡ്ജ് അനുജ പ്രഭു ദേശായി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ ദിവസത്തില്‍ ഒരു തവണ അഭിഭാഷകന്റെ സഹായം തേടാന്‍ തേജ്്പാലിന് കോടതി അനുമതി നല്‍കി. കുടുംബാഗങ്ങളെ കാണാനും ഇഷ്ടമുള്ള ആഹാരം കഴിക്കാനും തേജ്്പാലിന് അവസരം ലഭിക്കും.

തേജ്പാലിന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമായിരുന്നു ഗോവ പൊലീസിന്റെ വാദം.

പനാജിയിലെ പോലീസ് ആസ്ഥാനത്തിനകത്തുള്ള ലോക്കപ്പിലാണ് തേജ്പാലിനെ പാര്‍പ്പിച്ചിരിക്കുന്നത്. തൊട്ടടുത്താണ് ഡി.ജി.പിയുടെ കാര്യാലയം.

We use cookies to give you the best possible experience. Learn more