ന്യൂദല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ അഹമ്മദ് പട്ടേലുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങള്‍ തള്ളി മാധ്യമപ്രവര്‍ത്തക ടീസ്ത സെതല്‍വാദ്. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായി അന്ന് ഗുജറാത്ത് ഭരിച്ചിരുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ ടീസ്ത സെതല്‍വാദ് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രത്യേക അന്വേഷണ ഏജന്‍സി (എസ്.ഐ.ടി) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. ഈ വാദമാണ് ടീസ്ത തള്ളിയിരിക്കുന്നത്.
സര്‍ക്കാരിനെ താഴെയിറക്കാന്‍ ടീസ്ത അഹമ്മദ് പട്ടേലില്‍ നിന്നും പണം കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. അഹമ്മദാബാദ് സിറ്റി സിവില്‍ സെഷന്‍സ് കോടതിയില്‍ ടീസ്തയുടെ ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു വാദങ്ങള്‍ തള്ളിക്കൊണ്ടുള്ള ടീസ്തയുടെ പ്രതികരണം. വാദം ജൂലൈ 20ന് വീണ്ടും പരിഗണിക്കും.
സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു എസ്.ഐ.ടി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ ദൃക്‌സാക്ഷിയുടെ മൊഴിയെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.
കലാപത്തിന് ശേഷം പട്ടേലില്‍ നിന്നും ടീസ്ത 30ലക്ഷം രൂപ കൈപ്പറ്റിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ നല്‍കിയെന്നാരോപിച്ചാണ് ടീസ്ത സെതല്‍വാദിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
2002ല്‍ നടന്ന കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് സുപ്രീം കോടതിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെയായിരുന്നു ടീസ്തയേയും ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍. ബി. ശ്രീകുമാറിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.
മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ കോടതി നടപടിയ്ക്കെതിരെ കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹരജി സുപ്രീം കോടതി ബെഞ്ച് തള്ളുകയായിരുന്നു.
മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി 2012ലെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയത്.
ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്ത നടപടിയ്ക്കെതിരെ വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭയുള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
വിദ്വേഷത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്തയുടേതെന്നും മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റകൃത്യമല്ലെന്നുമായിരുന്നു ഐക്യരാഷ്ട്രസഭയുടെ പ്രതികരണം.
‘വിദ്വേഷത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്തയുടേത്. മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റകൃത്യമല്ല.
അവരെ വെറുതെവിടാനും ഇന്ത്യയിലെ ഭരണകൂടത്തിന്റെ വിചാരണ അവസാനിപ്പിക്കാനും ആവശ്യപ്പെടുന്നു,’ എന്നായിരുന്നു യു.എന്‍ മനുഷ്യാവകാശ കമ്മീഷന്റെ പ്രതികരണം. എന്നാല്‍
യു.എന്നിന്റെ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്നും ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ യു.എന്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി.
Content Highlight: teesta setalvad denies charges by SIT