ഷാര്‍ജ: ടെക്‌നോപാര്‍ക്കും ഹമരിയ്യ ഫ്രാസോണും തമ്മില്‍ ഈ വര്‍ഷം ആദ്യം ഒപ്പുവെച്ച പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ പ്രഥമ ടെക്‌നോപാര്‍ക്ക് സംരംഭമായ ഹമരിയാ ഫ്രീസോണില്‍ പ്രവര്‍ത്തനം തുടങ്ങും. ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന നിയോലോജിക്‌സ് സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് ആണ് ഹമരിയ്യയില്‍ തുടങ്ങിയ ആദ്യ ടെക്‌നോപാര്‍ക്ക് കമ്പനി.
ഹെല്‍ത്ത് കെയര്‍, ഓട്ടോമൊബൈല്‍, രംഗം ഫൈനാന്‍സ്, ഇ ലേണിങ്, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയോടൊപ്പം ഇന്റര്‍നെറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്ത് നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് വേണ്ടി സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്ത കമ്പനിയാണ് നിയോലോജിസ്റ്റിക്.
ഷാര്‍ജ റാഡീസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഹമരിയ്യ ഫ്രാസോണ്‍ ഡയരക്ടര്‍ ജനറല്‍ റാഷിദ് അല്‍ ലീം, ടെക്‌നോ പാര്‍ക്ക് സി.ഇ.ഒ മെര്‍വിന്‍ അലക്‌സാണ്ടര്‍, ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ ജിജോ ജോസഫ്, നിയോ ലോജിക്‌സ് മാനേജിങ് ഡയരക്ടര്‍ ജെനു ജോസഫ്, സഹ സ്ഥാപകരായ അനൂപ് ജി കുമാര്‍, ഷാന്‍ എം ഹനീഫ് പങ്കെടുത്തു.