കെ.ജി.എഫിനു ശേഷം പാന്‍ ഇന്ത്യന്‍ താരമെന്ന പദവിയിലേക്ക് ഉയര്‍ന്ന യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ടോക്‌സിക്കിന്റെ ടീസര്‍ പുറത്തു വിട്ട് നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ്. താരത്തിന്റെ ജന്മദിനത്തിലാണ് ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേഷന്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
Photo: screen grab/ kvn productions/ youtube.com
ഒരു ഹോളിവുഡ് ചിത്രത്തിന്റെ പശ്ചാത്തലത്തെ അനുസ്മരിപ്പിക്കും വിധം ചിത്രീകരിച്ച രംഗങ്ങളും ഇന്ത്യന്‍ സിനിമകളില്‍ കണ്ട് പരിചയിച്ചിട്ടില്ലാത്ത ന്യൂഡിറ്റി രംഗങ്ങളും ഉള്‍പ്പെടുത്തിയ ടീസറിന് വലിയ പ്രതികരണമാണ് പുറത്തുവിട്ട് മിനുട്ടുകള്‍ക്കുള്ളില്‍ ലഭിക്കുന്നത്. കെ.ജി. എഫില്‍ നിന്നും വ്യത്യസ്തമായ ലുക്കില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട യഷിന്റെ പതിവ് മാസ് ഡയലോഗിനും ആക്ഷനും ടീസറില്‍ പുതുമയില്ലെന്ന് കാണാം.
ഒരു പറ്റം തോക്കുധാരികളാല്‍ ചുറ്റപ്പെട്ട ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന ശ്മശാനത്തില്‍ കാറിലെത്തുന്ന യഷിന്റെ കഥാപാത്രം വ്യത്യസ്തമായ രീതിയില്‍ ശ്മശാനമാകെ ബോംബ് വെച്ച് തകര്‍ക്കുന്നതും തുടര്‍ന്ന് ‘ഡാഡി ഈസ് ഹോം’ എന്ന മാസ് ഡയലോഗോടെ ഒറ്റക്ക് ഒരുപറ്റം വില്ലന്മാരെ വെടിവെച്ചിടുന്നതാണ് ടീസറിലെ രംഗം.
മലയാള സിനിമയില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി ശബ്ദമുയര്‍ത്തിയ ഗീതു മോഹന്‍ദാസ് മെയില്‍ ഈഗോയെ മഹത്വവല്‍കരിച്ച് കാണിക്കുന്ന ചിത്രമാണ് ടോക്‌സിക്ക് എന്ന രീതിയില്‍ നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ടീസറിലെ കാറിനുള്ളിലെ ദൃശ്യങ്ങള്‍ സംവിധായിക ചിത്രീകരിച്ചിരിക്കുന്നത്. സ്ത്രീയെ കേവലം ഒരു ലൈംഗിക ഉപാധിയായി മാത്രമാണ് പുറത്തുവന്നിരിക്കുന്ന ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്.
Photo: Character Poster/ Yash/ X.com
അതേസമയം നയന്‍താര, ഹുമാ ഖുറേഷി, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വാസന്ത് തുടങ്ങിയവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തേ പുറത്തുവിട്ടിരുന്നു. തോക്കുകളുമായി നില്‍ക്കുന്ന ശക്തമായ കഥാപാത്രങ്ങളായാണ് ഇവരുടെ കഥാപാത്രങ്ങളെ പോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. എ ഫെയറി ടെയ്ല്‍ ഫോര്‍ ഗ്രോണ്‍ അപ്പ്‌സ് എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം മാര്‍ച്ച് 19 ന് തിയേറ്ററുകളിലെത്തും.
Content Highlight: Teaser of Yash starring Toxic out on his birthday