ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന പൊന്‍മാന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്ത്. ടീസറിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ജനുവരി 30ന് പൊന്മാന്‍ തിയേറ്ററുകളിലെത്തും. സജിന്‍ ഗോപു, ലിജോമോള്‍ ജോസ്, തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അജേഷ് എന്ന കഥാപാത്രത്തിനെ ബേസില്‍ അവതരിപ്പിക്കുമ്പോള്‍ സ്റ്റെഫിയായി എത്തുന്നത് ലിജോമോള്‍ ജോസ് ആണ്. മരിയാനോ ആയാണ് സജിന്‍ ഗോപു പൊന്മാനില്‍ എത്തുന്നത്. ത്രില്ലര്‍- ആക്ഷന്‍ ഴോണറിലായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍.
ജി.ആര്‍. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊന്മാന്‍ ഒരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ജി.ആര്‍. ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.
ആനന്ദ് മന്മഥന്‍, ദീപക് പറമ്പൊല്‍, സന്ധ്യ രാജേന്ദ്രന്‍, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാന്‍, കെ.വി. കടമ്പനാടന്‍, കിരണ്‍ പീതാംബരന്‍, മിഥുന്‍ വേണുഗോപാല്‍, ശൈലജ പി. അമ്പു, തങ്കം മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മുഞ്ജ്യ എന്ന ഹിന്ദി ചിത്രത്തിന് ശേഷം ജസ്റ്റിന്‍ വര്‍ഗീസ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പൊന്മാനുണ്ട്.
Content highlight: teaser of Ponman Movie is out