സിനിമാലോകത്ത് ഒരുകാലത്ത് നിറഞ്ഞുനിന്ന താരമായിരുന്നു നിവിന്‍ പോളി. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ നിവിന്റേതായി അനൗണ്‍സ് ചെയ്ത പല സിനിമകളും ഉപേക്ഷിക്കപ്പെട്ടിരുന്നു. അപ്പോഴും ഷൂട്ട് പൂര്‍ത്തിയായിട്ടും റിലീസാകാത്ത ചില പ്രൊജക്ടുകളിലൊന്നായിരുന്നു ഫാര്‍മ എന്ന വെബ് സീരീസ്. ഫസ്റ്റ് ലുക്കും അനൗണ്‍സ്‌മെന്റുമെല്ലാം പ്രതീക്ഷ തന്നെങ്കിലും പിന്നീട് ഫാര്‍മയുടെ അപ്‌ഡേറ്റുകളൊന്നും വന്നിട്ടില്ലായിരുന്നു.
ഇപ്പോഴിതാ ഫാര്‍മയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫൈനല്‍സ് എന്ന സിനിമക്ക് ശേഷം അരുണ്‍ പി.ആര്‍ സംവിധാനം ചെയ്യുന്ന ഫാര്‍മ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. കെ.പി വിനോദ് എന്ന മെഡിക്കല്‍ റെപ്പായിട്ടാണ് നിവിന്‍ ഫാര്‍മയില്‍ വേഷമിടുന്നത്.
Nivin Pauly/ Screen grab from YouTube tease
മരുന്നുകള്‍ വാങ്ങുന്ന ആളുകള്‍ അതിന്റെ ഗുണനിലവാരവും എന്തിനാണ് കഴിക്കുന്നതെന്നും അന്വേഷിക്കാതിരിക്കുന്നതെന്ന് ടീസറില്‍ ചോദ്യമുയരുന്നുണ്ട്. പെയിന്‍കില്ലറുകളുടെ അമിതമായ വില്പനകളും കഫ് സിറപ്പുകള്‍ വേഗം വിറ്റുപോകാന്‍ നടത്തുന്ന കുറുക്കുവഴികളുമെല്ലാം ടീസറില്‍ പ്രതിപാദിക്കുന്നുണ്ട്.
ഇതെല്ലാം കാണുമ്പോള്‍ ആര്‍ക്കായാലും ദേഷ്യം വരുമെന്നും എന്നാല്‍ ഇതെല്ലാം വെറും ബിസിനസാണെന്നും നിവിന്റെ കഥാപാത്രം പറയുന്നുണ്ട്. മരുന്നുകള്‍ വിറ്റുപോകാന്‍ വേണ്ടി ഏത് കുറുക്കുവഴിയും സ്വീകരിക്കുന്ന കഥാപാത്രമാണ് ഇതെന്ന് ടീസര്‍ സൂചന നല്കുന്നു. വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിലെ നായകനെപ്പോലെയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Pharma teaser/ Screen grab from YouTube
ബോക്‌സ് ഓഫീസ് പ്രകടനത്തില്‍ കുറച്ചുകാലമായി പിന്നോട്ട് നില്‍ക്കുന്ന നിവിന്റെ തിരിച്ചുവരവാകും ഫാര്‍മയെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. 2024ല്‍ പുറത്തിറങ്ങിയ മലയാളി ഫ്രം ഇന്ത്യക്ക് ശേഷം നിവിന്റേതായി സിനിമകളൊന്നും പുറത്തുവന്നിട്ടില്ല. ഇതിനിടയില്‍ ചില പ്രൊജക്ടുകള്‍ അനൗണ്‍സ് ചെയ്‌തെങ്കിലും ചിലത് മാത്രമാണ് ഓണ്‍ ആയത്.
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സര്‍വം മായയാണ് നിവിന്റെ അടുത്ത തിയേറ്റര്‍ റിലീസ്. ഡിസംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും. അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ബേബി ഗേള്‍, നവാഗതനായ ജോര്‍ജ് ഫിലിപ്പ് തോമസ് സംവിധാനം ചെയ്യുന്ന ഡിയര്‍ സ്റ്റുഡന്റ്‌സ് എന്നിവയും റിലീസിനൊരുങ്ങുകയാണ്.
Content Highlight: Teaser of Pharma teaser starring Nivin Pauly out now