| Thursday, 5th November 2026, 9:44 pm

ഫ്രം ദി ഡയറക്ടര്‍ ഓഫ് കളങ്കാവല്‍; ജയസൂര്യയുടെ 'മായന്‍' ടീസര്‍ പുറത്ത്

അശ്വിന്‍ രാജേന്ദ്രന്‍

മമ്മൂട്ടിയുടെയും വിനായകന്റെയും മാസ്മരിക പ്രകടനത്തിലൂടെ ഹിറ്റായ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കളങ്കാവല്‍. അരങ്ങേറ്റക്കാരനായ ജിതിന്‍.കെ ജോസായിരുന്നു ചിത്രം സംവിധാനം ചെയ്തത്. സയനൈഡ് മോഹനനെന്ന കൊടും ക്രമിനലിന്റെ ജീവിതത്തെ പശ്ചാത്തലമാക്കി കഥ പറഞ്ഞ ചിത്രത്തിന്റെ ഉദ്വേഗജനകമായ മേക്കിങ്ങിലൂടെ ജിതിന്‍.കെ ജോസ് പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Photo: Screen Grab/ Universal Music South/ Youtube.com

കളങ്കാവലിന് ശേഷം ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മായന്‍. ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രം ഫാന്റസി ഴോണറിലാണ് ഒരുക്കുന്നതെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. യൂണിവേഴ്‌സല്‍ മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഒന്നരമിനുട്ടോളം നീണ്ടുനില്‍ക്കുന്ന ടീസര്‍ ചിത്രത്തിന്റെ മിസ്റ്ററി ത്രില്ലര്‍ ഴോണറിനെ കൃത്യമായി തന്നെ പ്രേക്ഷകരിലേക്ക് കണ്‍വേ ചെയ്യുന്നുണ്ട്.

ടീസറിന്റെ ആരംഭത്തില്‍ ഐശ്വര്യ രാജിന്റെ കഥാപാത്രം അവതരിപ്പിക്കുന്ന അവതരണം അരോചകരമായി തോന്നുണ്ടെങ്കിലും മറ്റ് വിഷ്വലുകള്‍ കൊണ്ടും എഡിറ്റുകൊണ്ടും പ്രതീക്ഷ നല്‍കുന്നതാണ് മായന്റെ ടീസര്‍. ഓര്‍ഡിനറി, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച പ്രൊഡക്ഷന്‍ ബാനറിന് കീഴിലാണ് ചിത്രം ഒരുക്കുന്നത്. നൈല ഉഷ, വിജയ് ബാബു, ജിബിന്‍ ഗോപിനാഥ്, അര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

മായന്‍. Photo: IMDB

റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാറിന് മുമ്പ് റിലീസ് ചെയ്യുന്ന ജയസൂര്യയുടെ പ്രതീക്ഷയേകുന്ന ചിത്രമാണ് മായന്‍ എന്ന പ്രത്യേകതയുമുണ്ട്. കളങ്കാവലിന് സംഗീത സംവിധാനം നിര്‍വഹിച്ച മുജീബ് മജീദാണ് മായനും സംഗീതം ഒരുക്കുന്നത്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജിതിന്‍ കെ.ജോസും റാഫിയും ചേര്‍ന്നാണ്.

Content Highlight: Teaser Of Maayan Movie directed by Kalamkaaval director Jithin K Jose  out now

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more