തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് നിവിന്‍ പോളി. മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളി അഭിനയിക്കുന്ന ചിത്രമാണ് ഡിയര്‍ സ്റ്റുഡന്റസ്. ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമക്ക് ശേഷം നയന്‍താരയും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഡിയര്‍ സ്റ്റുഡന്റ്സിനുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ മനോഹരമായ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ഒരു കംപ്ലീറ്റ് കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും ചിത്രമെന്ന സൂചനകളാണ് ടീസര്‍ സമ്മാനിക്കുന്നത്. സ്‌കൂള്‍ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിനാണ് നയന്‍താര എത്തുന്നത്. നയന്‍താരയുടെ ഗംഭീര ആക്ഷന്‍ സീനുകളും ടീസറില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്.
ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡിയര്‍ സ്റ്റുഡന്റ്‌സിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വിനീത് ജയിന്‍ നേതൃത്വം നല്‍കുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ഡിയര്‍ സ്റ്റുഡന്റ്‌സിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.
പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടമുള്ള ഫണ്‍ കഥാപാത്രമായിട്ടാണ് നിവിന്‍ പോളി ചിത്രത്തിലെത്തുന്നതാണ് സൂചനകള്‍. ഹരി എന്ന കഫേ ഓണര്‍ ആയിട്ടാണ് അദ്ദേഹം ഡിയര്‍ സ്റ്റുഡന്റ്‌സില്‍ എത്തുക. നിവിന്‍ പോളി, നയന്‍താര എന്നിവര്‍ക്ക് പുറമെ അജു വര്‍ഗീസ്, ഷറഫുദ്ദീന്‍, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരന്‍, ലാല്‍, ജഗദീഷ്, ജോണി ആന്റണി, നന്ദു, റെഡ്ഡിന്‍ കിംഗ്‌സി, ഷാജു ശ്രീധര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ആനന്ദ് സി. ചന്ദ്രന്‍, ഷിനോസ് എന്നിവര്‍ ചേര്‍ന്ന് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തില്‍ ജസ്റ്റിന്‍ വര്‍ഗീസ്, സിബി മാത്യു അലക്‌സ് എന്നിവരാണ് സംഗീതം ഒരുക്കുന്നത്. ലാല്‍ കൃഷ്ണയാണ് എഡിറ്റര്‍.
Content Highlight: Teaser of Dear Students Movie is out