ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിജയിച്ച് സന്ദര്‍ശകര്‍ ചരിത്രം കുറിച്ചിരുന്നു. 2011ന് ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇംഗ്ലണ്ടിന്റെ ആദ്യ വിജയമാണിത്. വിജയമില്ലാതെ 18 മത്സരങ്ങള്‍ക്ക് ശേഷമാണ് വിശ്വപ്രസിദ്ധമായ മെല്‍ബണില്‍ ബെന്‍ സ്‌റ്റോക്‌സും സംഘവും ജയഭേരി മുഴക്കിയത്.
കാലങ്ങളായുള്ള പരാജയത്തിന്റെ സ്ട്രീക് ബോക്‌സിങ് ഡേ ടെസ്റ്റില്‍ തന്നെ അവസാനിപ്പിക്കാന്‍ സാധിച്ചത് കാലം കാത്തുവെച്ച മറ്റൊരു കാവ്യനീതിയായി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് വിജയിക്കുകയെന്ന ക്ഷിപ്രസാധ്യമല്ലാത്ത നേട്ടം ഒടുവില്‍ കാലങ്ങള്‍ക്കിപ്പുറം ഇംഗ്ലണ്ടും തങ്ങളുടെ പേരിലെഴുതിച്ചേര്‍ത്തു.
മിക്ക ടീമുകളും ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് മത്സരം വിജയിച്ചിട്ട് ഏറെ വര്‍ഷങ്ങളായി എന്നതും ചില ടീമുകള്‍ക്ക് ഇക്കാലമത്രയും ഈ മണ്ണില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്നതും മറക്കരുത്!
ഇംഗ്ലണ്ട് – 2025*
ഇന്ത്യ – 2024
വെസ്റ്റ് ഇന്‍ഡീസ് – 2024
സൗത്ത് ആഫ്രിക്ക – 2016
ന്യൂസിലാന്‍ഡ് – 2011
പാകിസ്ഥാന്‍ – 1995
ബംഗ്ലാദേശ് – ഒരിക്കലും വിജയിച്ചിട്ടില്ല
ശ്രീലങ്ക – ഒരിക്കലും വിജയിച്ചിട്ടില്ല
അതേസമയം, മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിയെന്ന് അടിവരയിടുന്നതായിരുന്നു ഇംഗ്ലീഷ് ബൗളര്‍മാരുടെ പ്രകടനം.
കങ്കാരുക്കളുടെ ബാറ്റിങ് യൂണിറ്റിനെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തെറിഞ്ഞ ത്രീ ലയണ്‍സ് ആതിഥേയരെ 152ന് പുറത്താക്കി. 35 റണ്‍സടിച്ച മൈക്കല്‍ നെസറാണ് ആദ്യ ഇന്നിങ്‌സില്‍ ആതിഥേയരുടെ ടോപ്പ് സ്‌കോറര്‍.
മറ്റൊരു കരിയര്‍ ഫൈഫറുമായി തിളങ്ങിയ ജോഷ് ടങ്ങാണ് ഓസീസിനെ എറിഞ്ഞിട്ടത്.
ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ചീട്ടുകൊട്ടാരം പോലെ വീണെങ്കില്‍ അതിലും വേഗത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ പതനം. വെറും 110 റണ്‍സിനാണ് സന്ദര്‍ശകരുടെ പത്ത് വിക്കറ്റുകളും വീണത്. കങ്കാരുക്കള്‍ക്കായി ബാറ്റെടുത്ത് തിളങ്ങിയ മൈക്കല്‍ നെസര്‍ തന്നെയാണ് ഇവിടെയും ടീമിന് തുണയായത്. താരം നാല് വിക്കറ്റ് വീഴ്ത്തി.
ഒന്നാം ഇന്നിങ്സില്‍ ലീഡ് നേടിയ കങ്കാരുക്കള്‍ രണ്ടാം ഇന്നിങ്‌സില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പിച്ച് ഇത്തവണയും ബൗളര്‍മാരെ കയ്യയച്ച് സഹായിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് 132 റണ്‍സിനാണ് പുറത്തായത്. മൂന്ന് ഓസീസ് താരങ്ങള്‍ മാത്രം ഇരട്ടയക്കം കണ്ട ഇന്നിങ്സില്‍ 46 റണ്‍സടിച്ച ട്രാവിസ് ഹെഡ് ആണ് ടോപ്പ് സ്‌കോറര്‍.
നാല് വിക്കറ്റെടുത്ത ബ്രൈഡന്‍ കാര്‍സിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് ഓസീസിനെ വരിഞ്ഞുമുറുക്കിയത്. ബെന്‍ സ്റ്റോക്സ് മൂന്ന് വിക്കറ്റെടുത്തു.
ഓസീസ് കെട്ടിപ്പൊക്കിയ 175 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.
ജനുവരി നാലിനാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.
Content Highlight: Teams and their last Test win in Australia