| Tuesday, 18th March 2025, 7:31 pm

സുപ്രീം കോടതി ജസ്റ്റിസുമാരുടെ സംഘം മണിപ്പൂരിലേക്ക്; മാര്‍ച്ച് 22ന് സന്ദര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മണിപ്പൂരിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ സുപ്രീം കോടതി ജസ്റ്റിസുമാര്‍ സംസ്ഥാനത്ത് നേരിട്ടെത്തും. ജസ്റ്റിസ് ബി.ആര്‍. ഗവായുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് മണിപ്പൂർ സന്ദർശിക്കുക .

ജസ്റ്റിസ് ഗവായിക്ക് പുറമെ ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, എം.എം. സുന്ദ്രേഷ്, കെ.വി. വിശ്വനാഥന്‍, എന്‍. കോടീശ്വര്‍ എന്നിവരാണ് സംഘത്തിലുള്ളത്.

മാര്‍ച്ച് 22നായിരിക്കും ജസ്റ്റിസുമാരുടെ ആറംഗസംഘം മണിപ്പൂര്‍ സന്ദര്‍ശിക്കുക. സംഘര്‍ഷ ബാധിതമായ മണിപ്പൂരിലെ പ്രദേശങ്ങളില്‍ ജസ്റ്റിസുമാര്‍ നേരിട്ടെത്തും. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെയും മറ്റും സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യും.

താഴെത്തട്ടിലുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം കാണുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. കലാപബാധിതര്‍ക്കുള്ള നിയമസഹായം, മാനുഷിക സഹായം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്ക് ജസ്റ്റിസുമാര്‍ നേതൃത്വം വഹിക്കുകയും ചെയ്യും. വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയ ശേഷം മാത്രമായിരിക്കും ജസ്റ്റിസുമാര്‍ മണിപ്പൂരിലെത്തുക.

നേരത്തെ കലാപത്തിലെ അന്വേഷണത്തിനായി സുപ്രീം കോടതി മൂന്ന് വനിതാ ജഡ്ജിമാര്‍ അടങ്ങുന്ന സമിതി രൂപീകരിച്ചിരുന്നു. ജമ്മു കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗീത മിത്തലിന്റെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്.

ജസ്റ്റിസുമാരായ ശാലിനി ജോഷി, ആശാ മേനോന്‍ എന്നിവരയിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍. മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിഗണിക്കുകയും ചെയ്തിരുന്നു.

നിലവില്‍ ഒന്നിലധികം ഹരജികള്‍ മണിപ്പൂര്‍ വിഷത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ ദിവസം ഒരിടവേളക്ക് ശേഷം വീണ്ടും പൊട്ടിപ്പുറപ്പെട്ട മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കാങ്പോകി ജില്ലയില്‍ ഒരാള്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

30കാരനായ ലാല്‍ഗൗതാങ് സിങ്സിതാണ് മരിച്ചത്. സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. കാങ്പോകി ജില്ലയിലെ ഗാംഗിഫായ്, മോട്ബോയ്, കെയ്തല്‍മാന്‍ബി എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്.

മുന്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്ന് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. കലാപബാധിതമായ മണിപ്പൂരില്‍ നിലവിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശ്വാസവോട്ടെടുപ്പിന് സാധ്യത നിലനിൽക്കെയാണ് ബീരേന്‍ സിങ് രാജിവെച്ചത്.

Content Highlight: Team of Supreme Court judges to visit Manipur on March 22

We use cookies to give you the best possible experience. Learn more