| Tuesday, 29th September 2026, 12:31 pm

'വിഷം പഠിപ്പിക്കുന്നു'; സര്‍വകലാശാലാ പാഠ്യപദ്ധതിയിലെ അംബേദ്കര്‍ രചനകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിശോധന

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അബേദ്ക്കറിന്റെ രചനകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധന നടത്തുന്നതായി റിപ്പോര്‍ട്ട്.

സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളെ ‘വിഷം’ പഠിപ്പിക്കുന്നുവെന്ന സന്ദേശത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ച അജ്ഞാത കുറിപ്പിന് പിന്നാലെയാണ് വിഷയത്തില്‍ പരിശോധന നടക്കുന്നത്.

ദല്‍ഹി സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വിവിധ കോഴ്‌സുകളുടെ പാഠ്യപദ്ധതിയില്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ ‘ ജാതി ഉന്മൂലനം’ അടക്കമുള്ള കൃതികള്‍ വിഷമാണെന്നാണ് സമൂഹമാധ്യമത്തില്‍ പ്രചരിച്ച കുറിപ്പിലെ പരാമര്‍ശം.

ജാതിവ്യവസ്ഥ, സാമൂഹിക അസമത്വം, ബ്രാഹ്‌മണാധിപത്യം തുടങ്ങിയ വിഷയങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന കൃതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

അംബേദ്കറുടെ രചനകള്‍ക്കൊപ്പം ജ്യോതിറാവു ഫൂലെയുടെയും ശര്‍മിള റെഗെയുടെയും കൃതികളും ചില സര്‍വകലാശാലകളിലെ പഠനവിഷയങ്ങളിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇവ അക്കാദമിക് പഠനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയതാണോ, പാഠ്യപദ്ധതിയില്‍ അവയുടെ പ്രസക്തി എന്താണ് തുടങ്ങിയ കാര്യങ്ങളാണ് പി.എം.ഒ ഓഫീസ് പരിശോധിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയോ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെയോ പരിധിയില്‍ വരേണ്ട സര്‍വകലാശാലകളുടെ സിലബസില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ അക്കാദമിക് വിദഗ്ധരില്‍ പലരും ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: ‘Teaching poison’: Prime Minister’s Office scrutinizes Ambedkar’s writings in university curriculum.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more