| Saturday, 4th July 2026, 7:12 am

വീടിനുളളില്‍ അറബി പഠിപ്പിക്കുന്നത് മദ്രസ നടത്തുന്നതിന് തുല്യം: അതിക്രമിച്ച് കയറി ഹിന്ദുത്വരുടെ പ്രതിഷേധം

നിഷാന. വി.വി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമേലി ജില്ലയില്‍ അനധികൃതമായി മദ്രസ പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് ഹിന്ദുത്വര്‍ രംഗത്തെത്തി. ഒരു സ്വകാര്യ വീട്ടില്‍ ഒരു കുട്ടിയെ ഖുര്‍ആനും അറബി ഭാഷയും പഠിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് അനധികൃതമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ രംഗത്തെത്തിയത്.

വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയായിരുന്നു ബജ്‌റംഗ്ദള്‍, വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ പ്രതിഷേധം. വീട്ടിലുണ്ടായിരുന്ന അധ്യാപകനോടും സഹായിയോടും വീടിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചും അറബി പുസ്തകങ്ങളെക്കുറിച്ചും ചോദ്യം ചെയ്തു. വീടിനുള്ളില്‍ തൂക്കിയിരുന്ന അറബിയിലുള്ള പ്രാര്‍ത്ഥനാ സമയവിവരപ്പട്ടികക്കെതിരെയും ഇവര്‍ ആരോപണം ഉന്നയിച്ചു.

സ്വകാര്യ വസതികളില്‍ അറബി ക്ലാസുകള്‍ നടത്തുന്നതും വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥന നടത്തുന്നതും നിയമവിരുദ്ധമാണെന്നും, ഇത് അനധികൃത മദ്രസയാണെന്നുമാണ് സംഘടനകളുടെ വാദം. ഒരു വീടിനുള്ളില്‍ അറബി പഠിപ്പിക്കുന്നത് ഒരു മദ്രസ നടത്തുന്നതിന് തുല്യമാണെന്നും ഹിന്ദുത്വര്‍ ആരോപിച്ചു.

ക്ലാസുകള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ കേന്ദ്രം ഉടനടി പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക പൊലീസിന് പരാതി നല്‍കുകയും ചെയ്തു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കോട് വാലി ഇന്‍സ്‌പെക്ടര്‍ ദേവേന്ദ്ര റാവത്ത് പറഞ്ഞു. സ്ഥാപിത ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുന്നത് തഹസില്‍ദാര്‍ മഹേന്ദ്ര സിങ്ങും പറഞ്ഞു.

Content Highlight: Teaching Arabic at home is tantamount to running a madrasa: Hindutva group trespasses and protests.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more