| Thursday, 12th February 2026, 3:17 pm

ശമ്പളമില്ല, അമേരിക്കയിൽ അധ്യാപക സമരം; നിരത്തിലിറങ്ങി ആയിരങ്ങൾ

നിഷാന. വി.വി

സാന്‍ഫ്രാന്‍സിസ്‌ക്കോ: അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ യൂണിഫൈഡ് സ്‌കൂള്‍ ഡിസ്ട്രിക്ടിലെ (എസ്.എഫ്.യു.എസ്.ഡി) അധ്യാപക സമരം നാലാം ദിവസത്തിലേയ്ക്ക്.

ശമ്പള വര്‍ധനവും മറ്റാനുകൂല്യങ്ങളും ആവശ്യപ്പെട്ടുകൊണ്ടാണ് ഏകദേശം 6000 ത്തോളം വരുന്ന അധ്യാപകരും ജീവനക്കാരും സമരം നടത്തുന്നത്.

സമരം 120 സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. എസ്.എഫ്.യു.എസ്.ഡി സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ശമ്പള വര്‍ധനവ്, കുടുംബാരോഗ്യ സംരക്ഷണത്തിന് പൂര്‍ണ ധനസഹായം, വിദ്യാര്‍ത്ഥി സേവനങ്ങളെ ബാധിക്കുന്ന ഒഴിവുള്ള തസ്തികകള്‍ നികത്തല്‍ എന്നിവയാവശ്യപ്പെട്ടാണ് സമരം.

അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ടനുസരിച്ച് യൂണിയനും ജില്ലാ ഉദ്യോഗസ്ഥരും തമ്മില്‍ ഏകദേശം ഒരു വര്‍ഷത്തോളം നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പണിമുടക്ക്.

നഗരത്തിലെ ഉയര്‍ന്ന ജീവിത ചെലവ് ചൂണ്ടിക്കാട്ടി ഏകദേശം ഒമ്പത് ശതമാനത്തിന്റെ ശമ്പള വര്‍ധനവാണ് അധ്യാപക യൂണിയനായ യുണൈറ്റഡ് എജുക്കേറ്റേഴ്‌സ് ഓഫ് സാന്‍ഫ്രാന്‍സിസ്‌ക്കോ ആവശ്യപ്പെടുന്നത്. എന്നാല്‍ ആറ് ശതമാനം മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് ഡിസ്ട്രിക്ടിന്റെ നിലപാട്.

സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നതിനായി സാന്‍ഫ്രാന്‍സിസ്‌ക്കോ മറൈന്‍ ഫുഡ് ബാങ്ക് സിറ്റി ലൈബ്രറികളിലും കമ്മ്യൂണിറ്റി സെന്ററുകളിലും പ്രത്യേക കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

ജോലിക്ക് പോവുന്ന രക്ഷിതാക്കള്‍ക്കായി വിവിധ സംഘടനകള്‍ പ്രത്യേക ഡേ കെയറുകളും സജ്ജമാക്കിയിട്ടുണ്ട്.

ഏകദേശം 50000 ത്തോളം വിദ്യാര്‍ത്ഥികളെയാണ് സമരം ബാധിച്ചിരിക്കുന്നത്.

സമരം അവസാനിപ്പിക്കാനുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Content Highlight: Teachers strike in America due to lack of pay; thousands take to the streets

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more