ഹൈദരാബാദ്: തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപകർ തെരുവിലിറങ്ങി സമരം ചെയ്യരുതെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ട് വർഷം കൂടി സമയം നൽകണമെന്നും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. സർക്കാരിന്റെ സാമ്പത്തിക ശേഷി കണക്കിലെടുത്ത് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
കൊടങ്കലിലെ ഗവൺമെന്റ് ജൂനിയർ കോളേജിൽ നടന്ന അധ്യാപക ദിനാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാർത്ഥികളുടെ ഭാവി അധ്യാപകരുടെ കൈകളിലാണെന്ന മുൻ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്റെ വാക്കുകൾ അദ്ദേഹം ഓർമിപ്പിച്ചു. മാതാപിതാക്കളേക്കാൾ കൂടുതൽ സമയം കുട്ടികൾ ചെലവഴിക്കുന്നത് അധ്യാപകരുടെ ഒപ്പമാണ്. രാജ്യത്തിന്റെ ഭാവി ക്ലാസ് മുറികളിലാണ് രൂപപ്പെടുന്നത്,രേവന്ത് റെഡ്ഡി പറഞ്ഞു.
കോൺഗ്രസ് സർക്കാർ അധികാരമേറ്റ ശേഷം വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തിന്റെ സ്ഥാനം 28-ൽ നിന്ന് 17-ലേക്ക് ഉയർന്നതായും ഇതിന് കാരണം അധ്യാപകരുടെ പ്രയത്നമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 88,000-ന്റെ വർധനവുണ്ടായി. പോളിടെക്നിക് കോളേജുകളിൽ 95% അഡ്മിഷൻ നേട്ടത്തോടെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തും സംസ്ഥാനം മുന്നേറുകയാണ്. ക്ഷേമത്തിനും വികസനത്തിനുമൊപ്പം വിദ്യാഭ്യാസം, തൊഴിൽ, ഉപജീവന മാർഗ്ഗങ്ങൾ എന്നിവ ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
55 ദിവസത്തിനുള്ളിൽ ഡി.എസ്.സി വഴി 10,006 അധ്യാപക നിയമനങ്ങൾ നടത്തിയതും, 25,950 അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകിയതും, വലിയ തർക്കങ്ങളില്ലാതെ 34,706 അധ്യാപകരുടെ ട്രാൻസ്ഫർ സുതാര്യമായി പൂർത്തിയാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിരമിക്കൽ പ്രായം ഉയർത്തിയതിനെ തുടർന്ന് ബി.ആർ.എസ് സർക്കാർ കുടിശ്ശികയാക്കിയ ജീവനക്കാരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനായി 6,000 കോടി രൂപ സർക്കാർ അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ രീതികൾ കണ്ടു പഠിക്കുന്നതിനായി സർക്കാർ ചെലവിൽ അധ്യാപകരെ വിദേശത്തേക്ക് അയക്കാൻ മുൻകൈ എടുത്തത് തെലങ്കാനയാണെന്ന് പറഞ്ഞ അദ്ദേഹം, അധ്യാപന രംഗത്തെ സംഭാവനകൾ മാനിച്ച് 123 അധ്യാപകർക്ക് അവാർഡുകൾ നൽകുമെന്നും അറിയിച്ചു. നഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.
പോളിടെക്നിക് കോളേജുകളുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചാരണങ്ങളിൽ വീണുപോകരുതെന്ന് അധ്യാപകരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അധ്യാപകരെ മുൻനിർത്തി സർക്കാരിനെ ‘ബ്ലാക്ക് മെയിൽ’ ചെയ്യാനാണ് ചിലർ ശ്രമിക്കുന്നത്. അധ്യാപകരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേൾക്കാൻ സർക്കാരിന്റെ വാതിലുകൾ എപ്പോഴും തുറന്നുതന്നെ കിടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight:Teachers should not take to the streets; give us two more years to resolve the problems,says Revanth Reddy.