| Sunday, 16th November 2025, 7:12 am

സ്‌കൂളിലെത്താന്‍ വൈകിയതിന് അധ്യാപികയുടെ '100 സിറ്റ് അപ്പ്' ശിക്ഷ; വിദ്യാര്‍ത്ഥിനി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ സ്‌കൂളിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് അധ്യാപികയുടെ മര്‍ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിനി മരിച്ചു. പത്ത് മിനിട്ട് വൈകിയെന്ന് ആരോപിച്ചായിരുന്നു അധ്യാപികയുടെ മര്‍ദനം. നവംബര്‍ എട്ടിന് മഹാരാഷ്ട്ര വസായിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിര്‍ ഹൈസ്‌കൂളിലാണ് സംഭവം.

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അന്‍ഷിക ഗോണ്ട് ആണ് മരണപ്പെട്ടത്. സ്‌കൂളിലെത്താന്‍ വൈകിയെന്ന പേരില്‍ വിദ്യാര്‍ത്ഥിനിയോട് 100 സിറ്റ് അപ്പ് ചെയ്യാനാണ് അധ്യാപിക ആവശ്യപ്പെട്ടത്. സിറ്റ് അപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം പുറംവേദന അനുഭവപ്പെട്ടുവെന്ന് 12 വയസുകാരി പരാതിപ്പെട്ടിരുന്നു.

പിന്നാലെ പെണ്‍കുട്ടി തളര്‍ന്നുവീണു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിന് സമീപത്തുള്ള നാലാസോപാരയിലെ ആശുപത്രിയില്‍ എത്തിക്കുകയും ആരോഗ്യനില മോശമായതോടെ മുംബൈയിലെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

എന്നാല്‍ ചികിത്സ തുടരുന്നതിനിടെ വെള്ളിയാഴ്ച അന്‍ഷിക മരണം മരണപ്പെടുകയായിരുന്നു. ശിശുദിനത്തിലായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മരണം.

സിറ്റ് അപ്പ് ചെയ്യുന്ന സമയത്ത് പെണ്‍കുട്ടിയുടെ ചുമലില്‍ സ്‌കൂള്‍ ബാഗ് ഉണ്ടായിരുന്നുവെന്നാണ് അന്‍ഷികയുടെ കുടുംബം ആരോപിക്കുന്നത്. അധ്യാപികയുടെ ക്രൂരമായ ശിക്ഷയാണ് മകളുടെ മരണത്തിന് കാരണമായതെന്നും കുടുംബം പറയുന്നു.

സംഭവത്തില്‍ മഹാരാഷ്ട്ര നവ നിര്‍മാണ സേന പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപികക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുന്നത് വരെ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് എം.എന്‍.എസിന്റെ നിലപാട്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും വിദ്യാര്‍ത്ഥിനിയെ കൊണ്ട് അധ്യാപിക നിര്‍ബന്ധിച്ച് സിറ്റ് അപ്പ് ചെയ്യിപ്പിച്ചുവെന്ന് എം.എന്‍.എസ് നേതാവ് സച്ചിന്‍ മോറെ പറഞ്ഞു.

കുട്ടിയുടെ മരണത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ രക്ഷിതാക്കളും ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു.

അധ്യാപികക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് ഇടപെടലിനെ തുടര്‍ന്ന് കുട്ടിയുടെ കുടുംബം പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയിരുന്നു.

Content Highlight: Teacher gives ‘100 sit-ups’ to punish student for being late to school; student dies

We use cookies to give you the best possible experience. Learn more