| Sunday, 31st August 2025, 3:47 pm

നികുതി പരിഷ്‌കരണം; കേരളത്തിന് നഷ്ടമാകുക 8,000 മുതല്‍ 9,000 കോടി രൂപയുടെ അധിക വരുമാനം: കെ.എന്‍. ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജി.എസ്.ടി വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലന്‍.

ആദ്യഘട്ടത്തില്‍ തന്നെ ജി.എസ്.ടി സമ്പ്രദായം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാക്കുന്ന വരുമാന നഷ്ടം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതാണെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ പിച്ചച്ചട്ടിയുമായി കേന്ദ്ര സര്‍ക്കാരിനുമുന്നില്‍ യാചിക്കേണ്ടുന്ന അവസ്ഥ വരുമെന്നത് അന്നേ പാര്‍ലമെന്റിന്റെ അടക്കം ശ്രദ്ധയില്‍ കൊണ്ടുവന്നതുമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം കൂനിന്‍മേല്‍ കുരുപോലെ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വന്‍തിരിച്ചടിക്ക് കാരണമാകാവുന്ന ഒന്നാണെന്നും കെ.എന്‍. ബാലഗോപാല്‍ വിമര്‍ശിച്ചു. ജി.എസ്.ടിയുടെ നിരക്ക് യുക്തി സഹമാക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് ഒരു മന്ത്രിതല സമിതിയെ ജി.എസ്.ടി കൗണ്‍സിലില്‍ ചുമതലപ്പെടുത്തിയിരുന്നു. ഈ മന്ത്രിതല സമിതിയെയും ജി.എസ്.ടി കൗണ്‍സിലിനെയും നോക്കുകുത്തിയാക്കിയാണ് സ്വതന്ത്ര ദിനത്തില്‍ പ്രധാനമന്ത്രി ജി.എസ്.ടി പരിഷ്‌കരണ പ്രഖ്യാപനം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

‘ജി.എസ്.ടി നടപ്പാക്കുന്ന ഘട്ടത്തില്‍ വരുമാന നഷ്ടമില്ലാത്ത നികുതി നിരക്ക് (റവന്യു നൂട്രല്‍ റേറ്റ്) 15.3 ശതമാനമായാണ് കണക്കാക്കിയിരുന്നത്. 2017-18ല്‍ നികുതിഘടന പരിഷ്‌കരിച്ചപ്പോള്‍ റവന്യു ന്യൂട്രല്‍ റേറ്റ് 11.3 ശതമാനമായി താഴ്ന്നു. സംസ്ഥാന വരുമാനത്തെ വലിയതോതില്‍ ബാധിക്കുന്നതായി പരിഷ്‌കരണം മാറി.

14 ശതമാനം നികുതി വരുമാന വാര്‍ഷിക വളര്‍ച്ച ഉറപ്പാക്കുമെന്നാണ് നടപ്പാക്കുന്ന ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. ഈ ലക്ഷ്യം എത്താത്ത സ്ഥിതിയില്‍ കുറവുവരുന്ന വരുമാനത്തിന് ആനുപാതികമായി പ്രഖ്യാപിച്ച നഷ്ടപരിഹാര പദ്ധതി അഞ്ചാം വര്‍ഷം അവസാനിപ്പിച്ചു. കേന്ദ്രം വാഗ്ദാനം ചെയ്ത വരുമാന വളര്‍ച്ച സാധ്യതമായതുമില്ല,’ കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

നികുതി വരുമാനത്തിലുണ്ടാകാവുന്ന പ്രത്യാഘാതം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരു പഠനവും ഇല്ലാതെയാണ് പുതിയ ജി.എസ്.ടി പരിഷ്‌കരണ പ്രഖ്യാപനം നടത്തിയിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ള നികുതി പരിഷ്‌കരണങ്ങള്‍ നടപ്പായാല്‍ കേരളത്തിന് ഏതാണ്ട് 8,000 മുതല്‍ 9,000 കോടി രൂപയുടെ അധിക വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കേരളത്തില്‍ വില്‍പന നടത്തുന്ന ഉപഭോഗ ഉല്‍പന്നങ്ങളുടെ വലിയൊരു ഭാഗം 18-28 നികുതി നിരക്കില്‍ ഉള്‍പ്പെടുന്നതാണ്. ഈ ഉത്പന്നങ്ങളുടെ ജി.എസ്.ടി വലിയതോതില്‍ കുറയ്ക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്ടം വരുത്തുമെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ജി.എസ്.ടി ഒഴിവാക്കുമ്പോള്‍ കേരളത്തിനുമാത്രം 500 കോടി രൂപയ്ക്കടുത്ത് വരുമാന നഷ്ടമുണ്ടാകും. കേരളമടക്കം പല സംസ്ഥാനങ്ങളും ദരിദ്രവിഭാഗങ്ങള്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളം 42 ലക്ഷത്തില്‍പരം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ഉറപ്പാക്കാനായി ഏതാണ്ട് 1500 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍നിന്നുള്ള നികുതി വരുമാന നഷ്ടം കൂടിയാകുമ്പോള്‍ ഇത്തരം പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രയാസമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

‘മരിച്ച സമ്പദ്ഘടന എന്നാണ് ഇന്ത്യന്‍ സമ്പദ്ഘടനയെ ട്രംപ് പരിഹസിച്ചത്. നമ്മുടെ ഉയര്‍ന്ന നികുതി നിരക്കാണ് ഈ മരവിപ്പിന് കാരണമെന്നും, അത് കുറയ്ക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. പകരച്ചുങ്കവും എണ്ണച്ചുങ്കവും അടിച്ചേല്‍പ്പിക്കുക വഴി ട്രംപ് ലക്ഷ്യമിട്ടത് ഈ നികുതികള്‍ കുറപ്പിക്കുക, അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇന്ത്യയിലേക്ക് യഥേഷ്ടം എത്തിച്ച് വില്‍ക്കാനുള്ള അവസരമൊരുക്കുക എന്നതാണ്. ട്രംപ്-മോദി കൂട്ടുകെട്ട് അത് യാഥാര്‍ത്ഥ്യമാക്കുകയാണ്. ഇത് ട്രംപിനുവേണ്ടിയുള്ള മോദിയുടെ പാത തെളിക്കലാണ്,’ മന്ത്രി വിമര്‍ശിച്ചു.

ഈ വിഷയത്തില്‍ മോദിക്ക് രാജ്യതാത്പര്യം മാത്രമല്ല, വ്യക്തിതാത്പര്യവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന് ആണെങ്കില്‍ ഇന്ത്യന്‍ വിപണയില്‍ വ്യക്തിപരമായും താത്പര്യമുണ്ട്. ട്രംപിന്റെ കമ്പനിക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഒന്നാംകിട ബില്‍ഡര്‍മാരുമായി പങ്കാളിത്തമുണ്ട്.

ഇത്തരം ദേശീയവും വ്യക്തിപരവുമായ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ട്രംപിന് ഇന്ത്യന്‍ വിപണി പൂര്‍ണമായും തുറന്നുകിട്ടണമെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. നമ്മുടെ നികുതി വരുമാന നഷ്ടം സര്‍ക്കാരുകളുടെ ചെലവുകള്‍ ചുരുക്കാന്‍ നിര്‍ബന്ധിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പരിപാടികളെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളെയും സാരമായി ബാധിക്കാനും സാധ്യതയുണ്ട്. സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന റവന്യൂ നഷ്ടം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ട്. ഒപ്പം ജി.എസ്.ടി നഷ്ടപരിഹാര കാലാവധി നീട്ടണം. അതിനാല്‍ രണ്ട് വിഷയത്തിലും സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നമുക്ക് ഒരുമിച്ച് നില്‍ക്കേണ്ടതുണ്ടെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

Content Highlight: Tax reform; Kerala will lose additional revenue of Rs 8,000 to 9,000 crore: K.N. Balagopal

We use cookies to give you the best possible experience. Learn more