| Thursday, 22nd April 2010, 11:52 am

ഐ പി എല്‍ : നൈറ്റ് റൈഡേഴ്‌സ് ക്രമക്കേട് നടത്തിയതിന് തെളിവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റെയ്ഡുകള്‍ തുടരുന്ന ആദായ നികുതി വകുപ്പ് അധികൃതര്‍, ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ കണ്ടെത്തി. കുറ്റകരമായ തെളിവുകള്‍ ഞങ്ങള്‍ കണ്ടെത്തിയെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അഖിലേന്തു ജാദവ് പറഞ്ഞു.

മൗറീഷ്യസ് അടക്കമുള്ള വിദേശസ്ഥലങ്ങളില്‍ നിന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് ഒഴുകിയ പണത്തിന്റെ ഉറവിടത്തെകുറിച്ചാണ് ആദായനികുതി വകുപ്പ് പ്രധാനമായും അന്വേഷിക്കുന്നതെന്നു അഖിലേന്തു ജാദവ് വ്യക്തമാക്കി. ഇതിന് പുറമേ ഐപിഎല്‍ ഫ്രാഞ്ചൈസിയും സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ഇടപാടുകളുടെ നിയമസാധുത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഓഫീസ്, നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ആസ്ഥാനം, ടീം ഉടമസ്ഥരായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ആസ്ഥാനം എന്നിവടങ്ങളിലായിരുന്നു റെയ്ഡ്. ഷാരൂഖ് ഖാന്‍, ഐടിസി മേധാവി സോനാര്‍ ബാംഗ്ല, ഷേക്‌സ്പിയര്‍ സരാനി എന്നിവരാണ് റെഡ് ചില്ലീസിന്റെ ഉടമസ്ഥര്‍. ബുധനാഴ്ച വൈകിട്ട് മൂന്നിന് തുടങ്ങിയ റെയ്ഡ് വ്യാഴാഴ്ച പുലര്‍ച്ചെവരെ നീണ്ടു.കൊച്ചി ടീം ഉടമസ്ഥരായ റണ്‍ദേവൂ കണ്‍സോര്‍ഷ്യം, പൂനയിലെ സഹാറ ഗ്രൂപ്പ്, മുംബൈ ഇന്ത്യന്‍സ്, ഡെല്‍ഹി ഡയര്‍ഡെവിള്‍സ്, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, ഡക്കാന്‍ ചാര്‍ജേഴ്‌സ്, ചെന്നൈ സൂപ്പര്‍ കീങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ് ഇലവന്‍ എന്നീ പത്ത് ടീമുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

We use cookies to give you the best possible experience. Learn more