| Wednesday, 23rd October 2013, 5:48 pm

വീട്ടില്‍ രണ്ട് കാറെങ്കില്‍ ഇനി മുതല്‍ അധിക നികുതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഒരു വീട്ടില്‍ രണ്ടു കാറുണ്ടെങ്കില്‍ ഇനി അധിക നികുതി നല്‍കണമെന്ന്  ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇതിനായി മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യുമെന്നും മന്ത്രി ന്യൂദല്‍ഹിയില്‍ പറഞ്ഞു.

ഒരു വീട്ടില്‍ തന്നെ ഭര്‍ത്താവിനും ഭാര്യയ്ക്കും വെവ്വേറെ കാറുകളുണ്ടെങ്കിലും അധിക നികുതി അടയ്‌ക്കേണ്ടി വരും. സര്‍ക്കാരിന്റെ വരുമാനം ഉയര്‍ത്തുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് നിര്‍ദേശമെന്നാണ് സൂചന.

ദല്‍ഹിയില്‍ നടക്കുന്ന ഗതാഗത വികസനസമിതി യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആര്യാടന്‍
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസാണ് സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ യോഗം വിളിച്ച് ചേര്‍ത്തത്.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് സര്‍ക്കാര്‍. ഇതിനായി നികുതി പിരിവ് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

നികുതി കുടിശിക വരുത്തിയാല്‍ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും . ആവശ്യമെങ്കില്‍ ഇതിനായി അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more