| Saturday, 11th June 2016, 6:15 pm

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ടാറ്റാ മോട്ടോഴ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പ്രത്യേക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തു പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് “ട്രസ്റ്റ് ഓഫ് ഇന്ത്യ” പദ്ധതി പ്രഖ്യാപിച്ചു. കമ്പനിയുടെ യാത്രാ കാറുകള്‍ വാങ്ങുന്നവര്‍ക്കാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാകുക. എന്നാല്‍ ഈയിടെ വിപണിയിലെത്തിയ ഹാച്ച്ബാക്ക് വാഹനമായ ടിയാഗോയ്ക്ക് പദ്ധതി പ്രകാരമുള്ള ഇളവുകള്‍ ബാധകമാകില്ല.

വാഹന വിലയില്‍ ഇളവ്, ആകര്‍ഷക എക്‌സ്‌ചേഞ്ച് ബോണസ് തുടങ്ങിയവയൊക്കെ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഭാഗമായി ടാറ്റ മോട്ടോഴ്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ഥാപനങ്ങള്‍ക്കുള്ള വില്‍പ്പന മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണു ട്രസ്റ്റ് ഓഫ് ഇന്ത്യ പദ്ധതി നടപ്പാക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് വെളിപ്പെടുത്തി.

രാഷ്ട്രപുരോഗതിക്കായി സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയ അമൂല്യമായ സംഭാവനകളെ ആദരിക്കാനാണു ട്രസ്റ്റ് ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്. കോര്‍പറേറ്റ് ഇടപാടുകാരുമായി ശക്തവും സുദീര്‍ഘവുമായ ബന്ധമാണു ടാറ്റ മോട്ടോഴ്‌സ് ആഗ്രഹിക്കുന്നത്. അവരുടെ ഇഷ്ട ബ്രാന്‍ഡായി തുടരുകയാണു കമ്പനിയുടെ ലക്ഷ്യമെന്നും പരീക്ക് വ്യക്തമാക്കി.

കൂടാതെ പഴയ കാറിന്റെ മൂല്യ നിര്‍ണയത്തിനും കൈമാറ്റത്തിനും പ്രത്യേക ഉപാധികളില്ലാതെ കമ്പനിയുടെ ദേശീയ ശൃംഖല പ്രയോജനപ്പെടുത്താമെന്നും ടാറ്റ മോട്ടോഴ്‌സ് ഉറപ്പു നല്‍കുന്നു. കൂടാതെ ടാറ്റ മോട്ടോഴ്‌സ് ഫിനാന്‍സ് ലിമിറ്റഡ് വഴി ആകര്‍ഷക പലിശ നിരക്കിലുള്ള വാഹന വായ്പകളും ലഭ്യമാണ്.

We use cookies to give you the best possible experience. Learn more