മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി സേവന ദാതാവായ ടി.സി.എസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) ഈ വര്‍ഷം 12,261 ജീവനക്കാരെ പിരിച്ച് വിടാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ ആകെ ജീവനക്കാരുടെ രണ്ട് ശതമാനം പേരെ പിരിച്ചുവിടാനാണ് നീക്കം. പ്രധാനമായും മിഡില്‍, സീനിയര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടല്‍ ബാധിക്കുക.
പിരിച്ച് വിടുന്ന ജീവനക്കാര്‍ക്ക് ഉചിതമായ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ഔട്ട്പ്ലേസ്മെന്റ്, കൗണ്‍സിലിങ് എന്നിങ്ങനെയുള്ള മറ്റ് പിന്തുണ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യയിലെ നിക്ഷേപങ്ങള്‍, നിര്‍മിത ബുദ്ധിയുടെ വിന്യാസം, വിപണി വിപുലീകരണം, തൊഴില്‍ പുനക്രമീകരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഭാവിയിലേക്ക് കമ്പനിയെ സജ്ജീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.
ഭാവിക്ക് അനുയോജ്യമായ ഒരു സ്ഥാപനമായി മാറാനുള്ള യാത്രയിലാണ് ടി.സി.എസ്. നവീനമായ സാങ്കേതിക മേഖലകളില്‍ നിക്ഷേപം നടത്തുക, പുതിയ വിപണികളില്‍ പ്രവേശിക്കുക, ഉപഭോക്താക്കള്‍ക്കും കമ്പനിക്കും വേണ്ടി വലിയ തോതില്‍ എ.ഐ വിന്യസിക്കുക, കമ്പനിയുടെ പങ്കാളിത്തങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുക, എന്നിവയുള്‍പ്പെടെ ഒന്നിലധികം മേഖലകളിലെ തന്ത്രപരമായ മാറ്റങ്ങല്‍ കൊണ്ടുവരുന്നതിനായാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.
പുതിയ സാങ്കേതികവിദ്യകള്‍, പ്രത്യേകിച്ച് എ.ഐ, ഓപ്പറേറ്റിങ് മോഡല്‍ മാറ്റങ്ങള്‍ എന്നിവക്കായുള്ള മാറ്റങ്ങള്‍ക്കായി കമ്പനി ആഗ്രഹിക്കുന്നുവെന്ന് കമ്പനി സി.ഐ.ഒ കൃതിവാസന്‍ പറഞ്ഞു. പ്രവര്‍ത്തന രീതികള്‍ മാറിക്കൊണ്ടിരിക്കുന്നു.
ഭാവിയിലേക്ക് നമ്മള്‍ തയ്യാറായിരിക്കുകയും ചടുലത പുലര്‍ത്തുകയും വേണം. എ.ഐയെ വലിയ തോതില്‍ വിന്യസിക്കുകയും ഭാവിയിലേക്ക് നമുക്ക് ആവശ്യമായ കഴിവുകള്‍ വിലയിരുത്തുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പണപ്പെരുപ്പം, യു.എസ് വ്യാപാര നയങ്ങളെ കുറിച്ചുള്ള ആശങ്കകള്‍, വിപണി സാധ്യത കുറഞ്ഞത് എന്നിവയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Tata Consultancy set to lay off 12,261 employees