| Monday, 17th November 2025, 6:52 am

കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റ് ചോദിച്ചുവാങ്ങിയ കോണ്‍ഗ്രസ് തന്ത്രപരമായ തെറ്റ് ചെയ്തു: താരിഖ് അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 50ലധികം സീറ്റുകള്‍ ചോദിച്ചുവാങ്ങിയ കോണ്‍ഗ്രസ് തന്ത്രപരമായ തെറ്റ് ചെയ്തുവെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ താരിഖ് അന്‍വര്‍.

ഈ തോല്‍വിയെ പാര്‍ട്ടി കൃത്യമായ രീതിയില്‍ വിലയിരുത്തണമെന്നും ആത്മപരിശോധന നടത്തണമെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കതിഹാറില്‍ നിന്നുള്ള എം.പി കൂടിയായ താരിഖ് അന്‍വര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ 61 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. വിജയിച്ചതാകട്ടെ വെറും ആറ് സീറ്റുകളിലും. മത്സരിച്ച സീറ്റുകളുടെ പത്തിലൊന്നില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയം കണ്ടെത്താന്‍ സാധിച്ചത്. വാത്മീകി നഗര്‍, ചന്‍പാടിയ, ഫോര്‍ബെസ്ഗഞ്ച്, അരാരിയ, കിഷന്‍ഗഞ്ച്, മനിഹാരി എന്നീ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.

ശക്തമായ സംഘടനാ കെട്ടുറപ്പില്ലാത്തതാണ് ബീഹാറില്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമെന്ന് താരിഖ് അന്‍വര്‍ ചൂണ്ടിക്കാട്ടി.

‘നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്ത്രീകളുടെ എക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു. ഇത് തടയാനോ ഇതിനെതിരെ നടപടികളെടുക്കാനോ ഒന്നും തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിച്ചില്ല.

ഇക്കാരണം കൊണ്ടുതന്നെ വലിയൊരു ശതമാനം സ്ത്രീ വോട്ടുകളും എന്‍.ഡി.എയുടെ പെട്ടിയിലെത്തി. അവരുടെ വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഇതായിരുന്നു. തീര്‍ച്ചയായും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യവും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹുമാണ് കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിന് കാരണം,’ താരിഖ് അന്‍വര്‍ പറഞ്ഞു.

സീറ്റ് വീഭജനത്തിലും സഖ്യത്തിനുള്ളില്‍ പൊരുത്തക്കേടുകളുണ്ടായതും തോല്‍വിക്ക് കാരണമായെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

‘സഖ്യത്തിനുള്ളിലെ ഏകോപനം അത്രകണ്ട് മികച്ചതായിരുന്നില്ല. മഹാഗഡ്ബന്ധനിലെ എല്ലാ പാര്‍ട്ടികളും ഇതിന് ഉത്തരവാദികളാണ്. ഞങ്ങളുടെ പ്രചരണവും അത്രകണ്ട് മികച്ചതായിരുന്നില്ല.

50ലധികം സീറ്റുകള്‍ കോണ്‍ഗ്രസ് ഒരിക്കലും ആവശ്യപ്പെടാന്‍ പാടില്ലായിരുന്നു. ഞങ്ങളുടെ സംഘടനാ സംവിധാനത്തിന് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുകളാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്,’ താരിഖ് അന്‍വര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിക്കും ഇടതുപാര്‍ട്ടികള്‍ക്കും നഷ്ടം നേരിടേണ്ടി വന്നുവെന്നും ഒരു പാര്‍ട്ടിക്ക് മാത്രമായി തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുക്കാന്‍ സാധിക്കില്ലെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. തോല്‍വിയുടെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ വര്‍ക്കിങ് കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കണമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് തന്റെ ആശങ്കകള്‍ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Tariq Anwar points out Congress’ shortcomings in Bihar elections

We use cookies to give you the best possible experience. Learn more