| Monday, 8th September 2025, 9:02 am

താരിഫ് യുദ്ധം; അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി 2008ലെ മാന്ദ്യം പ്രവചിച്ച സാമ്പത്തിക വിദഗ്ധന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംങ്ടൺ: ലോക സാമ്പത്തിക ശക്തിയായ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലെന്ന് മൂഡീസ് റേറ്റിംഗ് ഏജൻസിയിലെ വിദഗ്ധർ.

പ്രമുഖ സാമ്പത്തിക വിദഗ്‌ധനും മൂഡീസ് റേറ്റിംഗ് ഏജൻസിയിലെ ചീഫ് എക്കണോമിസ്റ്റുമായ മാർക്ക് സാൻഡിയാണ് മുന്നറിയിപ്പ് നൽകിയത്.

സാമ്പത്തിക മാന്ദ്യം രാജ്യത്തെ എല്ലാ പൗരന്മാരെയും ബാധിക്കും. സാധനങ്ങൾക്ക് വില ഉയരുകയും തൊഴിൽ സ്ഥിരത നഷ്ടപ്പെടുകയും ചെയ്യും എന്ന് സമൂഹ മാധ്യമങ്ങളിലൂടെ സാൻഡി മുന്നറിയിപ്പ് നൽകി.

നിലവിലുള്ള 2.7 % പണപ്പെരുപ്പനിരക്ക് അടുത്ത ഒരു വർഷത്തിനുള്ളിൽ 4 % ആയി ഉയരുമെന്നും അദ്ദേഹം പറയുന്നു. ഇത് ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെ താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്
ഈ മുന്നറിയിപ്പുകൾ മൂഡീസ് റേറ്റിംഗ് ഏജൻസി വിദഗ്ധർ പുറത്തുവിടുന്നത്.

തൊഴിൽ രംഗത്തെ വളർച്ചക്കുറവാണ് സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന സൂചനകളിലൊന്നായി മാർക്ക് സാൻഡി ചൂണ്ടി കാണിക്കുന്നത്. മെയ്, ജൂൺ മാസങ്ങളിലെ തൊഴിൽ കണക്കുകൾ 2,58,000 ആയി കുറഞ്ഞിട്ടുണ്ടെന്ന് യു.എസ് ബ്യുറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ പറയുന്നു.
മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ റിക്രൂട്മെന്റ് നിരക്ക് 2020 ന് ശേഷമാണെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ 2025 ൽ ഇത് 85000 ആയി കുറയുമെന്നാണ് പ്രവചനം.

ഭവന വിപണിയിലെ തുടർച്ചയായ പ്രശ്നങ്ങൾ, വാഷിങ്ടൺ ഡി.സി പോലുള്ള ചില പ്രദേശങ്ങളിൽ സർക്കാർ ജോലികൾ വെട്ടിക്കുറച്ചത് തുടങ്ങിയവ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണങ്ങളായി മാർക്ക് സാൻഡി പറയുന്നു.

കാലിഫോർണിയ, ന്യൂയോർക് പോലുള്ള സമ്പദ് വ്യവസ്ഥയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ നിലവിൽ പിടിച്ച് നിൽക്കുന്നുണ്ട് എന്നാൽ നിരവധി സംസ്ഥാനങ്ങൾ സാമ്പത്തികമായി ദുർബലമായ അവസ്ഥയിലാണ്.

മിനസോട്ട, മിസിസിപ്പി, കൻസാസ്‌, മസാച്യുസെറ്സ് തുടങ്ങിയ സംസ്ഥാനങ്ങൾ മാന്ദ്യത്തിന്റെ വക്കിലാണ്.

2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി മുൻകൂട്ടി പ്രവചിച്ച വ്യക്തിയാണ് സാൻഡി.

തൊഴിൽ രംഗത്തെ മന്ദത, ഭവന വിപണിയിലെ പ്രശ്നങ്ങൾ, ഉപഭോക്തൃ ചെലവിലെ കുറവ്, ഉയർന്ന വിലക്കയറ്റം തുടങ്ങിയ ഘടകങ്ങൾ ഒരുമിച്ചുചേർന്ന് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് എത്തിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ പൊതുവായ വിലയിരുത്തൽ.

Content Highlight: Tariff war; America heading for recession; Economist who predicted 2008 recession warns

We use cookies to give you the best possible experience. Learn more