ന്യൂദല്‍ഹി: തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവെക്കുന്ന ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോയുടെ പുതിയ മാര്‍ഗരേഖകള്‍ക്കെതിരെ (എസ്.ഒ.പി) വിമര്‍ശനവുമായി സി.പി.ഐ.എം എം.പി ജോണ്‍ ബ്രിട്ടാസ്.
രാജ്യസുരക്ഷ ഉറപ്പാക്കേണ്ടത് നിയമസംവിധാനങ്ങളുടെ പ്രധാനപ്പെട്ട കര്‍ത്തവ്യമാണെന്നും എന്നാല്‍ ആ കര്‍ത്തവ്യത്തിന്റെ മറവില്‍ അപരമതവിദ്വേഷവും ന്യൂനപക്ഷ ചൂഷണവും ഒരു വിഭാഗം ജനങ്ങളെ അരികുവത്കരിക്കലും ലക്ഷ്യമിട്ട് നിയമസംവിധാനങ്ങളെ ഉപയോഗിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഗുജറാത്തില്‍ തീവ്രവാദവിരുദ്ധ സെല്ലുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോ പുറത്തുവിട്ട മാര്‍ഗരേഖകള്‍ ഭരണഘടനാവിരുദ്ധവും ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവെച്ചുള്ളതുമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ‘ആരെയാണ് ഒരു തീവ്രചിന്താഗതിക്കാരന്‍ (radicalized person) എന്ന് വിളിക്കാന്‍ കഴിയുക?’ എന്നതാണ് ഈ മാര്‍ഗരേഖയിലെ പ്രധാന പ്രതിപാദ്യം.
ഇതിന്‍പ്രകാരം പെട്ടെന്ന് താടി വളര്‍ത്തുകയോ, നിഖാബ് ധരിക്കുകയോ, സാധാരണ സംഭാഷണങ്ങളില്‍ അറബിക് വാക്കുകള്‍ ഉപയോഗിക്കുകയോ ചെയ്യുന്നവരെ സംശയത്തോടെ വീക്ഷിക്കാന്‍ നിര്‍ദേശിക്കുന്നു. കൂടാതെ, മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന ആഗോള സംഭവങ്ങളില്‍ ശക്തമായി പ്രതികരിക്കുകയോ തന്ത്രപ്രധാനമെന്ന് കരുതുന്ന പള്ളികളും മദ്രസകളും സന്ദര്‍ശിക്കുകയോ ചെയ്യുന്നവരെ ‘തീവ്രവാദ സ്വഭാവമുള്ളവരായി’ (radical individual) സംശയിക്കാമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
അതുമാത്രമല്ല, ആളുകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, സന്ദേശങ്ങള്‍ കൈമാറുന്ന ആപ്പുകള്‍ എന്നിവ നിരീക്ഷിക്കാനും അവരുടെ വിവരങ്ങള്‍ ശേഖരിച്ച് പ്രൊഫൈല്‍ ചെയ്യാനും ഇതില്‍ നിര്‍ദേശമുള്ളതായി വാര്‍ത്തകളുണ്ട്. ഇവ ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വം, വ്യക്തിസ്വാതന്ത്ര്യം, സ്വകാര്യത, മതസ്വാതന്ത്ര്യം എന്നിവയുടെ നഗ്‌നമായ ലംഘനമാണെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നു.
ഈ മാര്‍ഗരേഖകള്‍ തീവ്രവാദത്തെ ചെറുക്കാന്‍ വേണ്ടിയാണെന്ന ന്യായീകരണവുമായി പലരും വന്നേക്കാമെങ്കിലും, ഒരു ജനവിഭാഗത്തെ പൂര്‍ണമായും സംശയനിഴലില്‍ നിര്‍ത്തിക്കൊണ്ട് അത് സാധ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നിയമസംവിധാനവും ജനങ്ങളും തമ്മിലുള്ള പരസ്പരവിശ്വാസമാണ് തീവ്രവാദത്തെ ചെറുക്കാന്‍ സഹായകമാകുന്നത് എന്നും, എന്നാല്‍ ഈ പുതിയ മാര്‍ഗരേഖകള്‍ ആ വിശ്വാസത്തിന്റെ കടയ്ക്കലാണ് കത്തിവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാവിരുദ്ധമായ ഈ മാര്‍ഗരേഖകള്‍ നടപ്പിലാക്കുന്നത് അടിയന്തരമായി മരവിപ്പിക്കണമെന്നും, ഭരണഘടനാ വിദഗ്ദ്ധരും നിയമജ്ഞരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സ്വതന്ത്ര സമിതിയെക്കൊണ്ട് ഇത് സമഗ്രമായി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഗുജറാത്ത് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്.
ഭരണഘടനാവിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്നും, പുതുതായി ആരംഭിച്ച തീവ്രവാദവിരുദ്ധ സെല്ലുകള്‍ സ്വീകരിക്കുന്ന നിയമനടപടികള്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യസുരക്ഷ ഉറപ്പാക്കാന്‍ നിയമസംവിധാനങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും; താടി വളര്‍ത്തിയതിന്റെ പേരിലോ, വസ്ത്രധാരണത്തിന്റെയോ മതപരമായ ആചാരങ്ങളുടെയോ പേരിലോ സാധാരണക്കാരായ പൗരന്മാരെ തീവ്രവാദികളായി മുദ്രകുത്താന്‍ പോലീസിന് അധികാരം നല്‍കുന്ന തരത്തിലുള്ള നയങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പോസിറ്റില്‍ കുറിച്ചു.
Content highlight: Targeting minorities under the guise of national security; John Brittas opposes the Gujarat government’s new guidelines.