| Sunday, 11th October 2026, 12:11 pm

ഇന്ത്യന്‍ ടീമിനെ പാകിസ്ഥാന് അനായാസം തോല്‍പ്പിക്കാനാകും; അഭിപ്രായവുമായി തന്‍വീര്‍ അഹമ്മദ്

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി-20യില്‍ ശ്രേയസ് അയ്യരെയും സംഘത്തെയും പരാജയപ്പെടുത്തി കരീബിയന്‍സ് കരുത്തുകാട്ടിയിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് വിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെയും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിന്റെയും കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസ് അനായാസം മറികടക്കുകയായിരുന്നു.

ഇതോടെ ഇന്ത്യന്‍ പിച്ചുകളെ പല താരങ്ങളും വിമര്‍ശിച്ചിരുന്നു. ബാറ്റിങ് മാത്രം മുന്‍ഗണന നല്‍കുന്ന പിച്ചില്‍ പാകിസ്ഥാന് പോലും ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് പറയുകയാണ് മുന്‍ പാക് താരം തന്‍വീര്‍ അഹമ്മദ്.

‘ഇന്ത്യയില്‍ ബാറ്റിങ്ങിന് അനുകൂലമായ ഫ്‌ളാറ്റ് പിച്ചുകളില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കളിക്കുകയാണെങ്കില്‍, അമിതമായി പുകഴ്ത്തപ്പെടുന്ന ഈ ഇന്ത്യന്‍ ടീമിനെ നമുക്ക് അനായാസം തോല്‍പ്പിക്കാനാകുമെന്ന് ഞാന്‍ കരുതുന്നു.

ഇന്ത്യന്‍ താരങ്ങള്‍ ഇത്തരം പിച്ചുകളില്‍ കളിക്കാന്‍ ശീലിച്ചവരാണ്. അതുകൊണ്ടാണ് അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ തുടങ്ങിയ ബാറ്റര്‍മാര്‍ മികച്ച റെക്കോഡുകള്‍ സ്വന്തമാക്കുന്നത്. ഒരു ടി-20 മത്സരത്തില്‍ 500 റണ്‍സ് പിറക്കുകയെന്നത് തന്നെ വലിയൊരു തമാശയാണ്!,’ തന്‍വീര്‍ അഹമ്മദ് പറഞ്ഞു.

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ മൂന്നാം മത്സരം നടക്കാനിരിക്കുകയാണ്. ഇന്‍ഡോറിലെ ഹോള്‍കര്‍ സ്റ്റേഡിയത്തിലാണ് ഇരുവരും കൊമ്പ് കോര്‍ക്കുന്നത്. നിലവില്‍ ഇരുവരും 1-1 എന്ന നിലയിലാണ്.

Content Highlight:  Tanvir Ahammad Talking About Indian Cricket Team

We use cookies to give you the best possible experience. Learn more