| Thursday, 15th January 2026, 5:36 pm

തന്ത്രി കണ്ഠരര് രാജീവര് വീണ്ടും അറസ്റ്റില്‍; നടപടി ദ്വാരപാലക കേസില്‍

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: ദ്വാരപാലക ശിൽപ്പപാളി കേസിലും തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ട് കേസുകളാണ് എസ്.ഐ.ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിലെ ആദ്യത്തെ കട്ടിളപാളി കേസിലാണ് കണ്ഠരര് രാജീവര് നേരത്തെ അറസ്റ്റിലായത്.

ഇതോടെ രാജീവര് കൂടുതല്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. കട്ടിളപാളി കേസില്‍ ജാമ്യം ലഭിച്ചാലും രണ്ടാമത്തെ കേസില്‍ ജാമ്യം ലഭിക്കാത്തപക്ഷം രാജീവര്‍ക്ക് ജയിലിന് പുറത്തിറങ്ങാനാകില്ല.

നാളെ (വെള്ളി) തന്ത്രിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എസ്.ഐ.ടി കോടതിയില്‍ അപേക്ഷ നല്‍കും. ജനുവരി ഒമ്പതിനാണ് കണ്ഠരര് രാജീവര് കട്ടിളപാളി കേസില്‍ അറസ്റ്റിലായത്.

സ്വര്‍ണക്കൊള്ള കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും കേസില്‍ നിര്‍ണായക പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. കേസിലെ 13ാം പ്രതിയായാണ് രാജീവര്.

വസ്തുവകകള്‍ ദുരുപയോഗം ചെയ്യുക, വിശ്വാസ വഞ്ചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ബാങ്കറോ വ്യാപാരിയോ അല്ലെങ്കില്‍ ഏജന്റോ നടത്തുന്ന വിശ്വാസ വഞ്ചന, കോടതി രേഖകളിലോ പൊതുരജിസ്ട്രറിലോ വ്യാജരേഖ ചമയ്ക്കല്‍, വിലപ്പെട്ട രേഖകളോ വില്‍പത്രമോ വ്യാജമായി നിർമിക്കൽ, ക്രിമിനല്‍ ഗൂഢാലോചന, പൊതുവായ ഉദ്ദേശത്തിനായി ഒന്നിലധികം പേര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകളുമാണ് കണ്ഠരര് രാജീവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കര്‍ദാസും ഇന്നലെ (ബുധന്‍) അറസ്റ്റിലായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ശങ്കര്‍ദാസിനെ ഇന്ന് റിമാന്‍ഡ് ചെയ്യുമെന്നാണ് വിവരം. സ്വര്‍ണപാളി കേസില്‍ ജയില്‍ തുടരുന്ന എ. പത്മകുമാറിന്റെ സമിതിയിലെ അംഗമായിരുന്നു ശങ്കര്‍ദാസ്. നിലവില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായ പി.എസ്. പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Tantri Kandararu Rajeevaru arrested again; action taken in Dwarapalaka case

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more