| Wednesday, 4th March 2026, 3:32 pm

ഹോര്‍മുസ് കടലിടുക്ക് കടന്ന് എണ്ണക്കപ്പല്‍ യു.എ.ഇയിലെത്തി

യെലന കെ.വി

അബുദാബി: കടലിടുക്കിലൂടെ കടക്കാന്‍ ശ്രമിക്കുന്ന ഏത് കപ്പലിനെയും തങ്ങള്‍ തീയിട്ടു നശിപ്പിക്കുമെന്ന ഇറാന്റെ പരസ്യമായ യുദ്ധപ്രഖ്യാപനത്തെ മറികടന്ന് ഒരു എണ്ണക്കപ്പല്‍ യു.എ.ഇ തീരത്തെത്തി.

തായ്ലാന്‍ഡിലേക്ക് എണ്ണ കൊണ്ടുപോകാനായി എത്തിയ ‘പോള’ എന്ന ‘സൂയസ്മാക്‌സ്’ എണ്ണക്കപ്പലാണ് ഇറാന്റെ ഭീഷണി നിലനില്‍ക്കുന്ന മേഖലയിലൂടെ സഞ്ചരിച്ച് അബുദാബിയിലെ ജെബല്‍ ധന്ന തുറമുഖത്തെത്തിയത് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യു.എസ് – ഇസ്രഈല്‍ ആക്രമണം കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം അടച്ചിരിക്കുകയായിരുന്നു.

എന്നാല്‍ മാര്‍ച്ച് രണ്ടാം തീയതി ഈ കപ്പല്‍ തങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ പുറത്തുവിടുന്ന സിഗ്‌നലുകള്‍ ഓഫ് ചെയ്ത് അതീവ രഹസ്യമായാണ് ഹോര്‍മുസിലേക്ക് പ്രവേശിച്ചത്.

തുടര്‍ന്ന് മാര്‍ച്ച് മൂന്നാം തീയതിയോടെ അബുദാബിക്ക് സമീപത്ത് നിന്ന്
സിഗ്‌നലുകള്‍ വീണ്ടും ഓണ്‍ ചെയ്യുകയായിരുന്നു. ഇതോടെയാണ് കപ്പല്‍ സുരക്ഷിതമായി എത്തിയ വിവരം പുറംലോകം അറിഞ്ഞത്.

റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, നിലവില്‍ 150-ഓളം എണ്ണക്കപ്പലുകളാണ് കടലിടുക്കിന് പുറത്ത് കാത്തുനില്‍ക്കുന്നത്.

സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ കടലില്‍ കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ യു.എസ് നാവികസേന നേരിട്ട് രംഗത്തിറങ്ങുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

എങ്കിലും ഇന്‍ഷുറന്‍സ് കമ്പനികള്‍ പല കപ്പലുകള്‍ക്കും ഇന്‍ഷുറന്‍സ് കവര്‍ പിന്‍വലിച്ചത് എണ്ണ നീക്കത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുടെന്നാണ് റിപ്പോർട്ട്.

യു.എസ്-ഇസ്രഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം നിലവില്‍ ഇറാന്റെ കൈവശമാണെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഇബ്രാഹിം ജബ്ബാരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇറാന്റെ അനുവാദമില്ലാതെ ഈ പാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന കപ്പലുകളെ മിസൈലുകളോ ഡ്രോണുകളോ ഉപയോഗിച്ച് തകര്‍ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Content Highlight: Tanker heads to UAE port via Strait of Hormuz to load oil, sources say

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more