| Saturday, 8th November 2025, 9:09 am

താമിര്‍ ജിഫ്രി കസ്റ്റഡിമരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരൂര്‍: താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി മരണക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം.

കുറ്റക്കാരായ ഉന്നത പൊലീസുദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്നും താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ആരോപിച്ചു.

കേസില്‍ പ്രതികളായ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും ചെറിയ ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണെന്നും തുടക്കം മുതല്‍ കുടുംബം ആരോപിച്ചിരുന്നു.

കഴിഞ്ഞദിവസം പുറത്തെത്തിയ മുന്‍ എസ്.ഐ ശ്രീജിത്തിന്റെ വെളിപ്പെടുത്തല്‍ ഉന്നതരെ സംരക്ഷിക്കാനുള്ള നീക്കമുണ്ടായെന്ന് തെളിയിക്കുന്നതായിരുന്നു.

തന്റെ ഫോണില്‍ നിന്നും വാര്‍ത്ത പങ്കുവെച്ചത് ഉദ്യോഗസ്ഥര്‍ കാണുകയും തുടര്‍ന്നാണ് തനിക്ക് എതിരെ നടപടിയുണ്ടായതെന്നും എസ്.ഐ ശ്രീജിത്ത് വെളിപ്പെടുത്തിയിരുന്നു.

തനിക്കെതിരെ നടപടിയുണ്ടായത് മനപൂര്‍വ്വമാണെന്നായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. ഈ വെളിപ്പെടുത്തലിന് പിന്നാലെയാണ് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി പൊലീസിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

കൊലപാതകം നടത്തിയ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ജോലിയിലുണ്ടെന്നും ഇവരെ എതിര്‍ക്കുന്നവരെ ചവിട്ടിത്താഴ്ത്തുകയാണെന്നും ഹാരിസ് ജിഫ്രി മീഡിയ വണ്ണിനോട് പ്രതികരിച്ചു.
എസ്.ഐ കൃഷ്ണലാലിനും സംഭവിച്ചത് സമാനമായ അനുഭവമാണെന്നും എസ്.ഐ ശ്രീജിത്തിന്റെ വെളിപ്പെടുത്തല്‍ തെളിയിക്കുന്നതും ഉന്നത ഉദ്യോഗസ്ഥര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണെന്നും അദ്ദേഹം വിശദീകരിച്ചു.

താമിര്‍ ജിഫ്രിയെ ചേളാരിയില്‍ നിന്നും പിടികൂടിയതിന് ശേഷം താനൂര്‍ വരെ കൊണ്ടുവന്നത് എന്തിനാണെന്നും ആരാണെന്നും വ്യക്തമായിട്ടില്ല. അവരുടെ കസ്റ്റഡിയിലാണ് സഹോദരന്‍ മരണപ്പെട്ടതെന്നും എല്ലാം എസ്.പിയുടെ നിയന്ത്രണത്തിലാണെന്നും ഹാരിസ് പറഞ്ഞു.

ലഹരി മരുന്ന് കേസില്‍ തിരൂരങ്ങാടി സ്വദേശിയായ താമിര്‍ ജിഫ്രി ഉള്‍പ്പെടെയുള്ള അഞ്ചുപേരെ 2023 ജൂലൈ 31നാണ് നാര്‍ക്കോട്ടിക്‌സ് കുറ്റങ്ങള്‍ ചുമത്തി ഡാന്‍സാഫ് കസ്റ്റഡിയിലെടുത്തത്. ചേളാരിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ താനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

തൊട്ടടുത്തദിവസം പൊലീസ് സ്റ്റേഷനില്‍ നിന്നും താമിര്‍ ജിഫ്രിയെ മരിച്ചനിലയില്‍ പൊലീസ് ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞുവീണ് മരിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ താമിറിന്റെത് കസ്റ്റഡി മരണമാണെന്ന് കാണിച്ച് കുടുംബം പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

താമിര്‍ ജിഫ്രിയെ പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിച്ചിട്ടും അഞ്ച് മണിക്കൂറോളം കഴിഞ്ഞാണ് കുടുംബത്തെ വിവരമറിയിച്ചത്. ഇതും സംഭവത്തില്‍ ദുരൂഹത ഉയര്‍ത്തിയിരുന്നു.  പിന്നീട് നടന്ന വിശദമായ പോസ്റ്റ്‌മോര്‍ട്ടത്തില്‍ താമിറിന്റെ ശരീരത്തില്‍ 21 മുറിവുകളുണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു.

19 എണ്ണം മരിക്കുന്നതിന് മുമ്പും 2 എണ്ണം മരണശേഷവും ഉണ്ടായതാണെന്നായിരുന്നു മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് സര്‍ജന്‍ ഡോ. ടി.പി. ഹിതേഷ് ശങ്കറിന്റെ റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷനും കേസില്‍ ഇടപെട്ടിരുന്നു.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കേസ് ഏറ്റെടുത്ത സി.ബി.ഐ പ്രതികളായ നാല് പൊലീസുകാരെ 2024 മേയ് നാലിന് അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ ഒന്നാം പ്രതി സീനിയര്‍ സി.പി.ഒ ജിനേഷ്, രണ്ടാം പ്രതി സി.പി.ഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാംപ്രതി സി.പി.ഒ അഭിമന്യു, നാലാം പ്രതി സി.പി.ഒ വിപിന്‍ എന്നിവരെയാണ് അന്ന് അറസ്റ്റ് ചെയ്തത്.

അതേസമയം, താമിര്‍ ജിഫ്രിക്ക് ഒപ്പം കസ്റ്റഡിയിലെടുത്ത നാല് പേര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരില്‍ നിന്നും എം.ഡി.എം.എ പിടികൂടിയെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നത്.

എന്നാല്‍, വീര്യം കുറഞ്ഞ മെത്താംഫെറ്റാമിന്‍ ആണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്ന് എഫ്.എസ്.എല്‍ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

Content Highlight: Tamir Jiffry’s custodial death: Murder changed to manslaughter; family plans to moves High Court

We use cookies to give you the best possible experience. Learn more