| Monday, 2nd February 2026, 4:39 pm

റിലീസാകാത്ത സിനിമക്ക് മൂന്ന് അവാര്‍ഡ്, പത്ത് മിനിറ്റ് മാത്രം സ്‌ക്രീനില്‍ വന്ന ജ്യോതിക മികച്ച നടി, തമിഴ്‌നാട് സ്‌റ്റേറ്റ് അവാര്‍ഡിന് ട്രോള്‍

അമര്‍നാഥ് എം.

ഏഴ് വര്‍ഷത്തെ അവാര്‍ഡ് ഒന്നിച്ച് പ്രഖ്യാപിച്ച് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഫിലിം അവാര്‍ഡ്. 2016 മുതല്‍ 2022 വരെയുള്ള അവാര്‍ഡ് കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. ഏഴ് വര്‍ഷത്തെ അവാര്‍ഡുകളില്‍ അഞ്ച് തവണ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി നടിമാരായിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു.

എന്നാല്‍ ഒറ്റയടിക്ക് ഏഴ് വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപിച്ചതോടെ തമിഴ്‌നാട് ഗവണ്മെന്റ് ട്രോള്‍ പേജുകളില്‍ പ്രധാന ചര്‍ച്ചാവിഷയമായി മാറി. വൈകിയുള്ള പ്രഖ്യാപനത്തോടൊപ്പം ചില പ്രത്യേക അവാര്‍ഡുകളെയും ട്രോളന്മാര്‍ വെറുതെ വിടുന്നില്ല. 2020ലെ മികച്ച മൂന്നാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട സണ്ടക്കാരിയാണ് പല പേജുകളിലും ചര്‍ച്ചയായത്.

സണ്ടക്കാരി Photo: IMDb

2019ല്‍ ഷൂട്ട് പൂര്‍ത്തിയായ ചിത്രം ഇതുവരെ റിലീസായിട്ടില്ല. വിമല്‍, ശ്രിയ ശരണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആര്‍. മാധേഷ് സംവിധാനം ചെയ്ത സണ്ടക്കാരി മലയാള ചിത്രം മൈ ബോസിന്റെ റീമേക്കായാണ് ഒരുങ്ങിയത്. ദി പ്രൊപ്പോസല്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ അണ്‍ ഒഫിഷ്യല്‍ റീമേക്കായ മൈ ബോസിനെ തമിഴിലേക്ക് പറിച്ചുനട്ട സണ്ടക്കാരി ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.

റിലീസാകാത്ത സിനിമക്ക് മികച്ച മൂന്നാമത്തെ സിനിമ, മികച്ച ഗായകന്‍( അമരീഷ്), മികച്ച കലാസംവിധാനം (അയ്യപ്പന്‍) എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. സണ്ടക്കാരിയെക്കാള്‍ മികച്ച സിനിമകള്‍ ആ വര്‍ഷം റിലീസായിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതിനെക്കാള്‍ രസകരമായ മറ്റൊരു അവാര്‍ഡുമുണ്ട്.

ചെക്ക ചിവന്ത വാനം Photo: IMDb

2018ലെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് ജ്യോതികയെയാണ്. മണിരത്‌നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനത്തിലെ പ്രകടനമാണ് ജ്യോതികയെ പുരസ്‌കാരത്തിന് അര്‍ഹയായിക്കിയത്. എന്നാല്‍ രണ്ടേകാല്‍ മണിക്കൂറുള്ള സിനിമയില്‍ ജ്യോതികക്ക് ആകെ പത്ത് മിനിറ്റോളം മാത്രമേ സ്‌ക്രീന്‍ ടൈമുള്ളൂ. ഇതിനെക്കാള്‍ മികച്ച പ്രകടനം ആ വര്‍ഷം തമിഴിലുണ്ടായിരുന്നെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.

പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ ആനന്ദി, 96ലെ തൃഷ, വട ചെന്നൈയിലെ ആന്‍ഡ്രിയ എന്നിവരുടെ പ്രകടനങ്ങള്‍ ജ്യോതികയെക്കാള്‍ മികച്ചതായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത് ആദ്യമായല്ല ഇത്തരത്തില്‍ വ്യത്യസ്തമായ അവാര്‍ഡ് പ്രഖ്യാപനം തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. 2005ലെ പുരസ്‌കാര പ്രഖ്യാപനം ഇന്നും പലരും വിമര്‍ശിക്കുന്ന ഒന്നാണ്.

അന്യന്‍ എന്ന ചിത്രത്തില്‍ വിക്രം മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ രോഗിയായി വിസ്മയിപ്പിക്കുകയും ഗജിനിയില്‍ സൂര്യ സഞ്ജയ് രാമസാമിയായി അതിശയിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ രണ്ട് പ്രകടനങ്ങളെയും മറികടന്ന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് രജിനികാന്തിനെയായിരുന്നു. ചന്ദ്രമുഖിയിലെ പെര്‍ഫോമന്‍സാണ് രജിനിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

Content Highlight: Tamilnadu State Award for 2018 and 2020 getting criticisms

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more