| Friday, 13th February 2026, 10:44 pm

അവാര്‍ഡ് ഫങ്ഷനെ മൂന്നുപേരും കൂടി ഫാമിലി ഫങ്ഷനാക്കി മാറ്റിയല്ലോ, തമിഴ്‌നാട് സ്‌റ്റേറ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ തിളങ്ങി സൂര്യയുടെ കുടുംബം

അമര്‍നാഥ് എം.

ഏഴ് വര്‍ഷത്തെ അവാര്‍ഡുകള്‍ ഒറ്റയടിക്ക് പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സിനിമാപ്രേമികളുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. അടുത്തിടെ പ്രഖ്യാപിച്ച പുരസ്‌കാരങ്ങളെല്ലാം ഇന്ന് ചെന്നൈയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ച് നല്‍കിയിരുന്നു. തമിഴ് സിനിമാലോകം അടുത്തിടെ കണ്ട ഏറ്റവും വലിയ താരസംഗമമായിരുന്നു ഈ അവാര്‍ഡ് ദാന ചടങ്ങ്.

ചടങ്ങില്‍ എല്ലാവരുടെയും ചര്‍ച്ചയായി മാറിയത് സൂര്യയുടെ കുടുംബമാണ്. മൂന്ന് പേരാണ് ഈ കുടുംബത്തില്‍ നിന്ന് അവാര്‍ഡ് നേടിയത്. മികച്ച നടനുള്ള രണ്ട് അവാര്‍ഡും നടിക്കുള്ള ഒരു അവാര്‍ഡും നേടിയതിന് പിന്നാലെ ജയ് ഭീമിലൂടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും സൂര്യ തന്റെ വീട്ടിലെത്തിച്ചു. ചിത്രം നിര്‍മിച്ചത് സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി പ്രൊഡക്ഷന്‍സാണ്.

സൂരറൈ പോട്രിലൂടെ മറ്റൊരു അവാര്‍ഡും 2ഡി പ്രൊഡക്ഷന്‍സ് നേടിയിരുന്നു. ജ്യോതികയാണ് ഈ രണ്ട് പുരസ്‌കാരങ്ങളും ഏറ്റുവാങ്ങിയത്. 2018ലെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതും ജ്യോതികയെയാണ്. ചെക്ക ചിവന്ത വാനത്തിലെ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇത് മൂന്നാം തവണയാണ് ജ്യോതിക തമിഴ്‌നാട്ടിലെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

2017ലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് കാര്‍ത്തിയെയാണ്. തീരന്‍ അധികാരം ഒന്‍ട്രിലെ പ്രകടനമാണ് കാര്‍ത്തിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങിയ തീരന്‍ കാര്‍ത്തിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനങ്ങളില്‍ ഒന്നാണ്. കൈതിയിലെ പ്രകടനത്തിന് താരത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.

സൂരറൈ പോട്രിലൂടെ മികച്ച നടനുള്ള പുരസ്‌കാരം സൂര്യ ഒരിക്കല്‍കൂടി തന്റെ ഷെല്‍ഫിലെത്തിച്ചു. കരിയറില്‍ ഇത് മൂന്നാംതവണയാണ് മികച്ച നടനുള്ള പുരസ്‌കാരം സൂര്യക്ക് ലഭിക്കുന്നത്. നിര്‍മാതാവെന്ന നിലയിലും സൂര്യ അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. സൂരറൈ പോട്രുംജയ് ഭീമും ഏഴ് അവാര്‍ഡുകള്‍ വീതമാണ് നേടിയത്. 2016ല്‍ റിലീസായ 24 നാല് പുരസ്‌കാരങ്ങളും സ്വന്തമാക്കി.

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡ് വേദിയില്‍ തിളങ്ങുന്ന അപൂര്‍വ കാഴ്ച ഇന്ന് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി മാറി. ഫാമിലി ഗോള്‍ എന്ന് കണ്ണുംപൂട്ടി പറയാവുന്ന ഈ നേട്ടം ഇനിയും തുടരുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. മൂവരും അവാര്‍ഡ് വാങ്ങുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

Content Highlight: Tamilnadu state award ceremony viral with Suriya Jyothika and Karthi

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more