| Thursday, 11th September 2025, 9:08 pm

'കള പറിച്ചെറിഞ്ഞിട്ടുണ്ട്'; അന്‍പുമണി രാമദാസിനെ പുറത്താക്കി പട്ടാളി മക്കള്‍ കക്ഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പട്ടാളി മക്കള്‍ കക്ഷി (പി.എം.കെ) നേതാവ് അന്‍പുമണി രാമദോസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി സ്ഥാപകനും അന്‍പുമണിയുടെ പിതാവുമായ എസ്. രാമദോസാണ് മകനെ പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പി.എം.കെയുടെ വര്‍ക്കിങ് പ്രസിഡന്റ് ചുമതല വഹിച്ചിരുന്നത് അന്‍പുമണി രാമദോസായിരുന്നു. എന്നാല്‍ ഈ ചുമതലയില്‍ നിന്ന് മാത്രമല്ല, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കൂടിയാണ് അന്‍പുമണിയെ പുറത്താക്കിയിരിക്കുന്നത്.

എസ്. രാമദോസിന്റെ അധ്യക്ഷതയില്‍ ചെന്നൈ തൈലാപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അന്‍പുമണിക്കെതിരെ തീരുമാനമുണ്ടായത്. യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട രാമദോസ്, അന്‍പുമണിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നതായി അറിയിക്കുകയായിരുന്നു.

‘അന്‍പുമണി എന്ന കളയെ പി.എം.കെ.എയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്’ എന്നാണ് എസ്. രാമദോസ് മാധ്യമങ്ങളോട് പറഞ്ഞത്.

തെരഞ്ഞെടുപ്പ് സഖ്യത്തെ ചൊല്ലി അച്ഛനും മകനും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് പുറത്താക്കലിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍.ഡി.എ സഖ്യത്തിനൊപ്പം ചേരാനാണ് അന്‍പുമണി പി.എം.കെയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നത്. എന്നാല്‍ ഡി.എം.കെയുമായി സഖ്യം ചേരാനാണ് എസ്. രാമദോസ് താത്പര്യം പ്രകടിപ്പിച്ചിരുന്നത്.

കൂടാതെ അന്‍പുമണിയുടെ മൂത്ത സഹോദരിയുടെ മകന്‍ പി. മുകുന്ദനെ പി.എം.കെയുടെ യുവജന വിഭാഗം അധ്യക്ഷനായി നിയമിച്ചതിനെ ചൊല്ലിയും അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ 2024 ഡിസംബറില്‍ പുതുച്ചേരിയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സിലില്‍ ഇരുവരും പരസ്പരം ഏറ്റുമുട്ടുകയുമുണ്ടായി.

ഇതിനിടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിശദീകരണം നല്‍കാന്‍ അന്‍പുമണിക്ക് നിര്‍ദേശവും ലഭിച്ചിരുന്നു. എന്നാല്‍ അന്‍പുമണി മറുപടി നല്‍കാതെ വന്നതോടെയാണ് പുറത്താക്കല്‍ നടപടിയുണ്ടായത്.

പുതുച്ചേരിയിലെ ഏറ്റുമുട്ടലിന് പിന്നാലെ അന്‍പുമണിയുടെ പേരിനൊപ്പം തന്റെ പേര് ഉപയോഗിക്കുന്നതില്‍ രാമദോസ് വിലക്കും അറിയിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ബി.ആര്‍.എസ് നേതാവായ കെ. കവിതയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

പാര്‍ട്ടി മേധാവിയും കവിതയുടെ പിതാവുമായ ചന്ദ്രശേഖര്‍ കെ. ചന്ദ്രശേഖര റാവുവാണ് മകള്‍ക്കെതിരെ നടപടിയെടുത്തത്. ബി.ജെ.പിക്കെതിരെ വ്യക്തമായ നിലപാട് കൈക്കൊള്ളണം എന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടി കെ.സി.ആറിന് കെ. കവിത എഴുതിയ കത്ത് വിവാദമായതോടെയായിരുന്നു നടപടി.

Content Highlight: Tamilnadu Pattali Makkal Katchi expels Anbumani Ramadoss

We use cookies to give you the best possible experience. Learn more