| Monday, 26th April 2021, 11:59 am

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റിലെ ഓക്‌സിജന്‍ പ്ലാന്റ് മാത്രം തുറക്കും; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റിലെ ഓക്‌സിജന്‍ പ്ലാന്റ് മാത്രം തുറക്കാന്‍ തീരുമാനം. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ച സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. ദിവസം ആയിരം ടണ്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാമെന്ന് വേദാന്ത കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

സ്റ്റെര്‍ലൈറ്റ് ഓക്‌സിജന്‍ പ്ലാന്റ് തുറക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്.

ഓക്‌സിജന്‍ ഉത്പാദനത്തിനായി തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ അനുവദിക്കാത്തതില്‍ തമിഴ്‌നാട് സര്‍ക്കാരിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു.

പ്രാണവായു ലഭിക്കാതെ ജനം മരിക്കുമ്പോള്‍ പ്ലാന്റ് തുറക്കാന്‍ അനുവദിക്കാത്തത് ന്യായീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്.

എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നം കാരണം അടച്ചുപൂട്ടിയ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന ആശങ്കയിലായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍.

2018ല്‍ പ്രതിഷേധകാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2018ല്‍ കമ്പനി അടച്ചു പൂട്ടിയിരുന്നു. തുറക്കാന്‍ അനുമതി തേടി പല തവണ കമ്പനി നിയമവഴി തേടിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. പ്ലാന്റ് തുറക്കാന്‍ അനുമതി തേടി വേദാന്ത ഗ്രൂപ്പാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

അതേസമയം വേദാന്തയുടെ പ്ലാന്റ് തുറന്ന് ഓക്സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം തൂത്തുകുടി കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചത്.

ചര്‍ച്ചയ്ക്കായി എത്തിയ കമ്പനി ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ഭീഷണിപ്പെടുത്തുകയും തിരികെ അയക്കുകയും ചെയ്തു. നേരത്തെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ അനുവദിച്ചാല്‍ ആയിരക്കണക്കിനു ടണ്‍ ഓക്സിജന്‍ ഉല്‍പാദിപ്പിച്ചു സൗജന്യമായി നല്‍കാമെന്ന് വേദാന്ത ഗ്രൂപ്പ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ വേദാന്ത ഓക്‌സിജന്‍ നിര്‍മ്മാണം ആരംഭിച്ചാല്‍ അത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്.

തുടര്‍ന്ന് പ്ലാന്റ് സര്‍ക്കാരിന് ഏറ്റെടുത്ത് നടത്തിക്കൂടെ എന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ തമിഴ്നാട് സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം നിര്‍മ്മിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Tamilnadu govt give permission to open thoothukkudi sterlite oxygen plant

Latest Stories

We use cookies to give you the best possible experience. Learn more