| Sunday, 19th July 2026, 9:18 pm

നാഷണല്‍ അവാര്‍ഡ് കിട്ടിയ പടമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, സ്വന്തം നാട്ടുകാര്‍ തന്നെ ഇങ്ങനെ ട്രോളുന്നു; ഓ രായാ... വല്ലാത്ത അവസ്ഥ തന്നെ

അമര്‍നാഥ് എം.

മരക്കാറിന് ലഭിച്ച നാഷണല്‍ അവാര്‍ഡിനെ മലയാളത്തിലെ ട്രോള്‍ പേജുകള്‍ വലിച്ചുകീറിയത് ആരും മറന്നിട്ടുണ്ടാകില്ല. മികച്ച സിനിമക്കടക്കം മൂന്ന് അവാര്‍ഡുകള്‍ ലഭിച്ച മരക്കാര്‍ നേരിട്ട ട്രോളുകള്‍ ചെറുതൊന്നുമല്ലായിരുന്നു. മോഹന്‍ലാല്‍ ആരാധകര്‍ പോലും മറക്കാനാഗ്രഹിക്കുന്ന ചിത്രമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാറി.

മരക്കാറിന്റെ അതേ അവസ്ഥയാണ് തമിഴ് ചിത്രം രായന് ലഭിക്കുന്നത്. കഴിഞ്ഞദിവസം പ്രഖ്യാപിച്ച അവാര്‍ഡുകളില്‍ മികച്ച തമിഴ് സിനിമയായി തെരഞ്ഞെടുത്തത് രായനെയായിരുന്നു. ധനുഷ് സംവിധാനം ചെയ്ത ചിത്രം 2024ലെ വലിയ വിജയങ്ങളിലൊന്നായിരുന്നു. ധനുഷിന്റെ 50ാമത് സിനിമയായി ഒരുങ്ങിയ രായന് ദേശീയ അവാര്‍ഡ് ലഭിക്കാനുള്ള വലിപ്പമൊന്നുമില്ലെന്നാണ് തമിഴ് പേജുകള്‍ വരെ അഭിപ്രായപ്പെടുന്നത്.

മഹാരാജ, മെയ്യഴഗന്‍, അമരന്‍ പോലുള്ള മികച്ച സിനിമകളുണ്ടായിട്ടും രായനെപ്പോലെ മിഡ് സിനിമക്ക് അവാര്‍ഡ് നല്‍കിയത് എന്ത് മാനദണ്ഡത്തിലാണെന്ന് പലരും ചോദിക്കുന്നു. ഒട്ടും കെട്ടുറപ്പില്ലാത്ത തിരക്കഥയില്‍ ആകെ മെച്ചമെന്ന് പറയാനുള്ളത് എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ പാട്ടുകളാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഫ്രൈഡ് റൈസുണ്ടാക്കി ജീവിക്കുന്ന നാല് സഹോദരങ്ങളുടെ കഥ ഒരു തരത്തിലും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കുന്നില്ലെന്നും പരാതികളുണ്ട്. മികച്ച തമിഴ് സിനിമയായി തെരഞ്ഞെടുത്ത ജൂറി ആരാണെന്നും ചിലര്‍ ചോദിക്കുന്നു. ധനുഷ് ഈയടുത്ത് ചെയ്തതില്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ സിനിമകളിലൊന്നാണെന്നും രായനെ കുറ്റപ്പെടുത്തുന്നുണ്ട്.

ധനുഷിന് ലഭിച്ച സ്‌പെഷ്യല്‍ ജൂറി മെന്‍ഷന് നേരെയും വിമര്‍ശനങ്ങളുണ്ട്. മെയ്യഴഗനില്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന കാര്‍ത്തി, 50ാം സിനിമയിലും പ്രകടനം കൊണ്ട് ഞെട്ടിച്ച വിജയ് സേതുപതി എന്നിവരുടെ പ്രകടനത്തിനൊപ്പം ധനുഷ് എത്തിയിട്ടില്ലെന്നാണ് പലരും വിമര്‍ശിക്കുന്നത്. ഈ വര്‍ഷം പ്രഖ്യാപിച്ചതില്‍ അണ്‍ ഡിസര്‍വിങ്ങായിട്ടുള്ള ഒന്നാണ് രായനെന്നും പരാതികളുണ്ട്.

ഇത് മാത്രമല്ല, മറ്റ് പല അവാര്‍ഡുകളെയും ട്രോളുന്നുണ്ട്. കോസ്റ്റിയൂം ഡിസൈനര്‍, തിരക്കഥ എന്നിവക്ക് പുഷ്പ 2നെ തെരഞ്ഞെടുത്തതിനെയും പലരും പരിഹസിക്കുന്നു. 2024ല്‍ പുഷ്പ 2നെക്കാള്‍ മികച്ച തിരക്കഥകള്‍ വേറെയും ഉണ്ടായിരുന്നെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സ്വതന്ത്ര വീര്‍ സവര്‍ക്കറിന് ലഭിച്ച അവാര്‍ഡിന് നേരെയും വിമര്‍ശനങ്ങളുണ്ട്.

Content Highlight: Tamil pages trolling Raayan movie’s National Award

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more