| Wednesday, 1st July 2026, 12:25 pm

ഇത് ഞങ്ങടെ ദൈവമാ, വിട്ടുതരില്ല; എന്‍.ടി.ആര്‍- ത്രിവിക്രം പ്രൊജക്ടില്‍ മുരുകനെ നോര്‍ത്ത് ഇന്ത്യനെന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധം

അമര്‍നാഥ് എം.

എല്ലാ സിനിമയും പാന്‍ ഇന്ത്യന്‍ റിലീസാക്കാനും ഓരോ സിനിമയിലും ഓരോ ദൈവത്തെ കൊണ്ടുവരാനും മത്സരിക്കുന്ന ഇന്‍ഡസ്ട്രിയാണ് ടോളിവുഡ്. ബാഹുബലി, ആര്‍.ആര്‍.ആര്‍ എന്നീ ചിത്രങ്ങളുടെ റീച്ച് തെലുങ്ക് ഇന്‍ഡസ്ട്രിയിലുണ്ടാക്കിയ ഇംപാക്ട് ചെറുതല്ല. രാമന്‍, കൃഷ്ണന്‍, ശിവന്‍ തുടങ്ങി സകല ദൈവങ്ങളെയും കുത്തിനിറച്ചുകൊണ്ടുള്ള പാന്‍ ഇന്ത്യന്‍ പടപ്പുകളാണ് ഓരോ വര്‍ഷവും ടോളിവുഡ് നിര്‍മിക്കുന്നത്.

‘ദൈവസാന്നിധ്യമുള്ള’ സിനിമകള്‍ക്ക് നോര്‍ത്ത് ഇന്ത്യയില്‍ ലഭിക്കുന്ന റീച്ചാണ് ഇതിന് കാരണം. ഹിന്ദുത്വ അജണ്ടയുള്ള സിനിമകളെ കണ്ണുംപൂട്ടി വിജയിപ്പിക്കുന്നവര്‍ തെലുങ്ക് ഇന്‍ഡസ്ട്രിയെ വാനോളം പുകഴ്ത്താറുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം തെലുങ്കില്‍ അനൗണ്‍സ് ചെയ്ത ഒരു സിനിമയാണ് ഇപ്പോള്‍ എക്‌സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലെ പ്രധാന ചര്‍ച്ച.

എന്‍.ടി.ആര്‍- ത്രിവിക്രം Photo: Naga Vamsi/ X.com

ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി ത്രിവിക്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ‘ഗോഡ് ഓഫ് വാര്‍’ എന്ന ടാഗ്‌ലൈനിലൊരുങ്ങുന്ന ചിത്രം മുരുകനെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. എന്നാല്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റിന് നല്‍കിയ ക്യാപ്ഷന്‍ പലരെയും ചൊടിപ്പിച്ചു.

‘വടക്ക് ദേശത്ത് ജനിച്ച് , ഹൃദയഭൂമിയില്‍ വളര്‍ന്ന്, തെക്കുദേശത്ത് ആരാധിക്കപ്പെട്ട്, ഇപ്പോള്‍ പ്രപഞ്ചം മുഴുവന്‍ പടരാന്‍ പോകുന്ന ഒരു കഥ’ എന്നാണ് ക്യാപ്ഷന്‍. തമിഴ് ജനതയുടെ വികാരമായ മുരുകനെ നോര്‍ത്ത് ഇന്ത്യക്ക് തീറെഴുതിക്കൊടുത്തെന്നാണ് പല തമിഴ് പേജുകളും ആരോപിക്കുന്നത്. മുരുകന്‍ തങ്ങളുടെ ദൈവമാണെന്നും നോര്‍ത്ത് ഇന്ത്യക്ക് അതില്‍ അവകാശമുന്നയിക്കാനാകില്ലെന്നുമാണ് പലരുടെയും പോസ്റ്റുകള്‍.

‘തമിഴ് സംസ്‌കാരത്തില്‍ മുരുകനുള്ള പ്രാധാന്യം പണത്തിന് വേണ്ടി അലയുന്ന സിനിമക്കാര്‍ക്ക് അറിയില്ല. അവിടെ ഏതെങ്കിലും ദൈവത്തിന്റെ ഫോട്ടോ പോസ്റ്ററില്‍ കൊടുത്താല്‍ കോടികള്‍ കിട്ടും. അതിന് വേണ്ടി ഞങ്ങളുടെ സംസ്‌കാരം വിട്ടുകളയാന്‍ ഒരുക്കമല്ല’, ‘അതെ ശരിയാണ്. മുരുകന്‍ നോര്‍ത്ത് ഇന്ത്യയുടെ ദൈവമാണ്. ദല്‍ഹിക്കടുത്തുള്ള പഴനിയിലും മധ്യപ്രദേശിലെ തിരുപ്രംകുണ്‍ട്രത്തിലും ഗുജറാത്തിലെ തിരുത്തണിയിലുമെല്ലാം മുരുകന് ആരാധനാലയങ്ങളുണ്ട്’ എന്നിങ്ങനെയാണ് ചില പോസ്റ്റുകള്‍.

എന്നാല്‍ തമിഴ് പേജുകളുടെ അവകാശവാദത്തിനെതിരെ ചിലര്‍ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. മുരുകന്‍ ഹിമാലയത്തിലാണ് ജനിച്ചതെന്നും അതിനാല്‍ നോര്‍ത്ത് ഇന്ത്യ എന്ന് എഴുതിയതില്‍ തെറ്റില്ലെന്നുമാണ് ചില കമന്റുകള്‍. സിനിമയെ സിനിമയായി കാണണമെന്നും ഇക്കൂട്ടര്‍ അവകാശപ്പെടുന്നു. എന്നാല്‍ മുരുകന്‍ എന്ന ദൈവം പോലും സാങ്കല്പികമാണെന്ന് നിരീശ്വരവാദ പേജുകള്‍ പരിഹസിക്കുന്നുണ്ട്.

Content Highlight: Tamil pages reacting against NTR’s new movie announcement

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more