ചെന്നൈ: ഇന്നോളം കാണാത്ത രാഷ്ട്രീയ സമവാക്യങ്ങള്‍ക്കാണ് തമിഴകം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. തമിഴ്‌നാടിന്റെ ദ്രാവിഡരാഷ്ട്രീയ സ്വത്വത്തിന് മേല്‍ വിജയ് എന്ന നടന്റെ വ്യക്തിപ്രഭാവം വിജയിച്ചപ്പോള്‍ കന്നിയങ്കത്തിനിറങ്ങിയ ടി.വി.കെ ഡി.എം.കെയെയും അണ്ണാ ഡി.എം.കെയെയും അട്ടിമറിച്ച് 108 സീറ്റുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുമായി.
എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവലഭൂരിപക്ഷം ലഭിക്കാത്തതിന് പിന്നാലെ വിജയ് മറ്റ് പാര്‍ട്ടികളുടെ സഹായം തേടി കത്തയച്ചിരുന്നു. ഇതിനോട് ആദ്യമായി അനുകൂല പ്രതികരണം നടത്തിയ കോണ്‍ഗ്രസായിരുന്നു. മണിക്കൂറുകള്‍ക്കകം തന്നെ തങ്ങള്‍ ടി.വി.കെയ്‌ക്കൊപ്പമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം നിലപാടെടുക്കുകയും, അഞ്ച് എം.എല്‍.എമാരുള്ള പാര്‍ട്ടിയുടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
മന്ത്രിസ്ഥാനമടക്കമുള്ള സ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ കരുനീക്കം. വിജയ് തങ്ങള്‍ക്ക് രണ്ട് മന്ത്രിസ്ഥാനങ്ങളും രാജ്യസഭാ സീറ്റും നല്‍കുമെന്നായിരുന്നു തമിഴ്‌നാട് കോണ്‍ഗ്രസിന്റെ അവകാശവാദം.
എന്നാല്‍ മുന്നണിമര്യാദ ഒട്ടുമില്ലാതെയാണ് കോണ്‍ഗ്രസ് ടി.വി.കെയെ പിന്തുണയ്ക്കാന്‍ ഓടിപ്പാഞ്ഞെത്തിയത്. ഡി.എം.കെ മുന്നണിയുടെ ഭാഗമായിരിക്കെ, ഡി.എം.കെയടക്കമുള്ള മുന്നണിയിലെ പാര്‍ട്ടികളുടെ വോട്ടുകള്‍ വാങ്ങി എം.എല്‍.എമാരെ വിജയിപ്പിച്ചെടുത്ത ശേഷം സ്ഥാനങ്ങള്‍ക്കായി കോണ്‍ഗ്രസ് നിലപാട് മാറ്റി. അതിനായി ഇന്ത്യ മുന്നണിയെ പോലും ബലികഴിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുകയും ചെയ്തു.
ഇന്ത്യ മുന്നണിയുടെ പ്രധാമന്ത്രി സ്ഥാനാര്‍ത്ഥിയായി എല്ലായ്‌പ്പോഴും രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടുന്ന സ്റ്റാലിനോടും ഡി.എം.കെയോടുമാണ് കോണ്‍ഗ്രസ് ഈ വിധം പ്രവര്‍ത്തിച്ചത്. ഇതിനെതിരെ ഡി.എം.കെ രൂക്ഷവിമര്‍ശനവും ഉന്നയിച്ചിരുന്നു.
കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തിയെന്നും വഞ്ചിച്ചെന്നുമായിരുന്നു ഡി.എം.കെ പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി ചെയ്യുന്നത് പോയെലാണ് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് തങ്ങളോട് ചെയ്തതെന്നും ഡി.എം.കെ കുറ്റപ്പെടുത്തി. പ്രമേയത്തിലൂടെയായിരുന്നു ഡി.എം.കെയുടെ വിമര്‍ശനം.
അവര്‍ പഴയ ശീലങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല എന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് കോണ്‍ഗ്രസിനെതിരെയുള്ള പ്രമേയം ആരംഭിക്കുന്നത്. ഞങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു രാജ്യസഭാ സീറ്റും 28 നിയമസഭാ മണ്ഡലങ്ങളും ചോദിച്ചുവാങ്ങി. അഞ്ച് സീറ്റില്‍ വിജയിച്ചതിന് മൂന്നാം പക്കം എതിര്‍ചേരിയിലേക്ക് മാറി.
സഖ്യകക്ഷി പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനം ഇതോടെ പാഴായി. പുതുച്ചേരിയില്‍, ഡി.എം.കെ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായിരുന്നു. എന്നിട്ടും, ഡി.എം.കെക്ക് അനുവദിച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. ഇത് ക്രൂരമായ പ്രവൃത്തിയായിരുന്നുവെന്നും പ്രമേയം കുറ്റപ്പെടുത്തി.
ഈ സംഭവങ്ങള്‍ക്ക് പിന്നാലെ സഭയില്‍ കോണ്‍ഗ്രസിനൊപ്പം ഇരിക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് ഡി.എം.കെ എം.പി കനിമൊഴി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.
‘നിലവിലെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള തങ്ങളുടെ ബന്ധം അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റിലെ നിലവിലെ സീറ്റ് ക്രമീകരണവുമായി മുന്നോട്ട് പോകുന്നത് ഡി.എം.കെ അംഗങ്ങളെ സംബന്ധിച്ച് ഉചിതമല്ല.
ലോക്സഭയിലെ ഉത്തരവാദിത്തങ്ങള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിന് ഡി.എം.കെ പാര്‍ലമെന്ററി പാര്‍ട്ടിക്ക് പ്രത്യേക സീറ്റുകള്‍ അനുവദിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സ്പീക്കര്‍ ചെയ്യണം,’ കനിമൊഴി കത്തില്‍ ആവശ്യപ്പെട്ടു.
അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഈ മാറ്റം നടപ്പിലാക്കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്
ഡി.എം.കെയുമായി ചേര്‍ന്ന് മത്സരിച്ചതുകൊണ്ട് മാത്രമാണ് കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളെങ്കിലും ലഭിച്ചതെന്നും, ഒറ്റയ്ക്കാണ് മത്സരിച്ചിരുന്നതെങ്കില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയില്ലെന്നും ഡി.എം.കെ കുറ്റപ്പെടുത്തി.
എന്നാല്‍ വിജയ്‌യ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ നല്‍കിയ ഇടത് പാര്‍ട്ടികളുടെ നിലപാട് വ്യത്യസ്തമായിരുന്നു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താതിരിക്കാന്‍ തങ്ങള്‍ ടി.വി.കെയ്ക്ക് പിന്തുണ നല്‍കും, ഒരിക്കലും മന്ത്രിസഭയുടെ ഭാഗമാകില്ല, അതേസമയം സമ്മര്‍ദശക്തിയായി തുടരുമെന്നുമാണ് സി.പി.ഐ.എമ്മും സി.പി.ഐയും നിലപാടെടുത്തത്. സ്റ്റാലിന്റെ അനുവാദത്തോടെയായിരുന്നു ഇരുപാര്‍ട്ടികളും ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
‘നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷമില്ല. സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് അനിവാര്യമാണ്, ഈ മാസം പത്താം തീയതിക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ട സമ്മര്‍ദ സാഹചര്യമാണുള്ളത്.
ജോസഫ് വിജയ് ഇരു പാര്‍ട്ടികള്‍ക്കും കത്തയച്ചിട്ടുണ്ട്. പത്താം തീയതിക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം വരും. ബി.ജെ.പി തമിഴ്‌നാട്ടില്‍ പിന്‍വാതിലിലൂടെ പ്രവേശിക്കാന്‍ ശ്രമിക്കുകയാണ്. ഇത് അവസാനിപ്പിക്കാനാണ് സി.പി.ഐയും സി.പി.ഐ.എമ്മും ടി.വി.കെയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.
‘ഞങ്ങള്‍ മന്ത്രിസഭയില്‍ ഉണ്ടാകില്ല. സംസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ തീരുമാനമെടുത്തത്,’ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ഷണ്‍മുഖം വ്യക്തമാക്കി.
‘ടി.വി.കെ സി.പി.ഐയെയും സി.പി.ഐ.എമ്മിനെയും വി.സി.കെയെയും സമീപിച്ചു. ഞങ്ങള്‍ പാര്‍ട്ടി യോഗം ചേര്‍ന്നു. ജനാധിപത്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികമാണ്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ടി.വി.കെയെ പിന്തുണയ്ക്കാനും തെരഞ്ഞെടുക്കാനും തീരുമാനിച്ചു. ജനാധിപത്യപരമായ രീതിയിലാണ് ഞങ്ങള്‍ ഈ തീരുമാനമെടുത്തത്,’ എന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യന്‍ പറഞ്ഞത്.
അതേസമയം, ടി.വി.കെ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. നിലവില്‍ 116 പേരുടെ പിന്തുണ കത്ത് മാത്രമാണ് ലഭിച്ചതെന്ന് ലോക്ഭവന്‍ വ്യക്തമാക്കിയതോടെയാണ് ഇപ്പോള്‍ പ്രതിസന്ധി ഉടലെടുത്തത്.
നേരത്തെ ടി.വി.കെയ്ക്ക് പിന്തുണ നല്‍കുമെന്ന് അറിയിച്ച തോള്‍ തിരുമാവളവന്റെ വിടുതലൈ ചിരുതൈഗള്‍ കച്ചി (വി.സി.കെ) പിന്തുണ കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല എന്നാണ് വിവരം. ശനിയാഴ്ച രാവിലെയോടെ തങ്ങളുടെ തീരുമാനം അറിയിക്കും എന്നാണ് വി.സി.കെ നിലപാട്.
Content Highlight: Tamil Nadu, TVK: Congress sacrifices India Front for ministerial berth, Left parties refuse to accept ministerial berth