| Sunday, 12th January 2025, 10:03 pm

തമിഴ്‌നാട്ടിൽ വിദ്യാർത്ഥിനിയെക്കൊണ്ട് സ്‌കൂൾ ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ചു; പ്രിൻസിപ്പലിന് സസ്‌പെൻഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടിൽ  വിദ്യാർത്ഥിനിയെക്കൊണ്ട് സ്‌കൂൾ ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ചതിന് പിന്നാലെ പ്രിൻസിപ്പലിന് സസ്‌പെൻഷൻ. തമിഴ്‌നാട്ടിലെ പാലക്കോട് സർക്കാർ സ്‌കൂളിലാണ് സംഭവം. പെൺകുട്ടി ടോയ്‌ലെറ്റ് വൃത്തിയാക്കുന്ന വീഡിയോ വ്യപകമായി പ്രചരിച്ചതോടെയാണ് നടപടി.

സ്‌കൂളിൽ ഒന്ന് മുതൽഎട്ട് വരെ ക്ലാസുകളിലായി ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള 150 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ടോയ്‌ലറ്റുകളുടെ അറ്റകുറ്റപ്പണി, വെള്ളമെടുക്കൽ, സ്‌കൂൾ പരിസരം വൃത്തിയാക്കൽ തുടങ്ങിയ ശുചീകരണ ജോലികൾ ഏൽപ്പിക്കപ്പെട്ടതിനാൽ കുട്ടികൾ പലപ്പോഴും ക്ഷീണിതരായാണ് വീട്ടിലേക്ക് മടങ്ങിയെത്തുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു.

സ്‌കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികൾ ചൂലും പിടിച്ച് സ്‌കൂളിലെ ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്ന വീഡിയോയാണ് വൈറലായത്. തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസവും ക്ഷേമവും അപകടത്തിലാണെന്ന് പറഞ്ഞ് രക്ഷിതാക്കൾ നിരാശയും രോഷവും പ്രകടിപ്പിച്ചു.

‘ഞങ്ങൾ കുട്ടികളെ സ്‌കൂളിൽ അയയ്ക്കുന്നത് പഠിക്കാനാണ് അല്ലാതെ സ്കൂൾ വൃത്തിയാക്കാനല്ല.
വീട്ടിൽ വരുമ്പോൾ ഗൃഹപാഠം ചെയ്യാൻ കഴിയാതെ കുട്ടികൾ തളർന്നിരിക്കുന്നു. എന്തിനാണ് അവർ പഠിക്കുന്നത് എന്ന് ചോദിച്ചപ്പോൾ പഠിക്കുന്നതിന് പകരം സ്‌കൂളും ടോയ്‌ലറ്റും വൃത്തിയാക്കാനാണ് സമയം ചിലവഴിച്ചതെന്ന് അവർ പറഞ്ഞു. ഇത് കേൾക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു. ടീച്ചർമാർ അവരുടെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല,’ ഒരു വിദ്യാർത്ഥിയുടെ അമ്മ വിജയ പറഞ്ഞു.

വീഡിയോയ്ക്കും രക്ഷിതാക്കളുടെ വർധിച്ചുവരുന്ന ആശങ്കകൾക്കും മറുപടിയായി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ അതിവേഗ നടപടി സ്വീകരിച്ചു, അന്വേഷണ വിധേയമായി സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. കൂടാതെ വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും മുൻഗണന നൽകുന്നത് ഉറപ്പാക്കാൻ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Content Highlight: Tamil Nadu: Students seen cleaning school toilets in viral video, principal suspended

We use cookies to give you the best possible experience. Learn more