| Wednesday, 29th April 2026, 10:31 pm

തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ തുടരുമെന്ന് എക്‌സിറ്റ് പോളുകള്‍; 120 സീറ്റുമായി ടി.വി.കെ നിര്‍ണായക ശക്തിയാകുമെന്നും സര്‍വേ

ആദർശ് എം.കെ.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ സ്റ്റാലിന്റെ ഡി.എം.കെ ഭരണം തുടരുമെന്ന് പ്രവചിച്ച് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

പീപ്പിള്‍സ് പള്‍സ് ഡി.എം.കെയ്ക്ക് 99 മുതല്‍ 127 സീറ്റുകള്‍ വരെ പ്രവചിക്കുമ്പോള്‍, എ.ഐ.എ.ഡി.എം.കെയ്ക്ക് 65 മുതല്‍ 80 സീറ്റുകള്‍ വരെയാണ് നല്‍കുന്നത്.

മാട്രിസ് എക്സിറ്റ് പോള്‍ പ്രകാരം ഡി.എം.കെ 122 മുതല്‍ 132 സീറ്റുകള്‍ വരെ നേടി അധികാരം നിലനിര്‍ത്തും. ഈ രണ്ട് സര്‍വേകളും വിജയിയുടെ ടി.വി.കെയ്ക്ക് വലിയ മുന്നേറ്റം പ്രവചിക്കുന്നില്ല.

അതേസമയം, എ.ഐ.എ.ഡി.എം.കെ വലിയ മുന്നേറ്റം നടത്തുമെന്ന് ജെ.വി.സി ടൈംസ് നൗ, വോട്ട് വൈബ് എന്നീ ഏജന്‍സികള്‍ പ്രവചിക്കുന്നു.

ജെ.വി.സി എക്സിറ്റ് പോള്‍ പ്രകാരം എ.ഐ.എ.ഡി.എം.കെ 128 മുതല്‍ 147 സീറ്റുകള്‍ വരെ നേടി മികച്ച വിജയം കൈവരിക്കും. വോട്ട് വൈബ് 114 മുതല്‍ 124 സീറ്റുകള്‍ വരെയാണ് എ.ഐ.എ.ഡി.എം.കെയ്ക്ക് നല്‍കുന്നത്. ഈ രണ്ട് സര്‍വേകളും ടി.വി.കെയ്ക്ക് പത്തില്‍ താഴെ സീറ്റുകള്‍ മാത്രമേ പ്രവചിക്കുന്നുള്ളൂ.

മിക്ക സര്‍വേകളും ഡി.എം.കെയുടെ ഭരണത്തുടര്‍ച്ച പ്രവചിക്കുമ്പോഴും, ആക്‌സിസ് മൈ ഇന്ത്യയുടെ ഫലം തമിഴ് രാഷ്ട്രീയത്തെ അമ്പരപ്പിക്കുന്നതാണ്.

തമിഴ്നാട്ടില്‍ നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) 98 മുതല്‍ 120 സീറ്റുകള്‍ വരെ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.

ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ടി.വി.കെ, ഭരണകക്ഷിയായ ഡി.എം.കെയെ അട്ടിമറിക്കുമെന്നും അണ്ണാ ഡി.എം.കെയെ അപ്രസക്തമാക്കുമെന്നുമാണ് ഈ സര്‍വേയുടെ കണ്ടെത്തല്‍.

ഈ സര്‍വേ പ്രകാരം ഡി.എം.കെ 92 മുതല്‍ 110 സീറ്റുകളിലേക്ക് ഒതുങ്ങും, എ.ഐ.എ.ഡി.എം.കെയ്ക്ക് വെറും 22 മുതല്‍ 32 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂ.

Content Highlight: Tamil Nadu state election, Exit Polls

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more