ചെന്നൈ: സനാതന ധര്‍മത്തെ ഉന്മുലനം ചെയ്യണമെന്ന ഡി.എം.കെ എം.എല്‍.എ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി.
ഉദയ നിധി സ്റ്റാലിന്റെ നിലപാട് ഹിന്ദു വിശ്വാസങ്ങളോടുളള ആവര്‍ത്തിച്ചുള്ള അവഹേളനവും അപമാനവുമാണെന്നും വി.എച്ച്.പി പറഞ്ഞു. ഇത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും മുതിര്‍ന്ന അഭിഭാഷകനും വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്ട്ര പ്രസിഡന്റുമായ അലോക് കുമാര്‍ പറഞ്ഞു.
‘അങ്ങേയറ്റം ആക്ഷേപകരവും ഭിന്നിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നിയമസഭാ രേഖകളില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണം. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം,’ അദ്ദേഹം പറഞ്ഞു.
സനാതന പാരമ്പര്യങ്ങളെയും ഹിന്ദു വിശ്വാസങ്ങളെയും ബഹുമാനിക്കുന്നുണ്ടോ അതോ ഇത്തരത്തിലുള്ള ഭിന്നിപ്പിക്കുന്ന ഹിന്ദു വിരുദ്ധ പ്രസ്താവനകളെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘സനാതന പാരമ്പര്യങ്ങളില്‍ നിന്നും, ക്ഷേത്രങ്ങളില്‍ നിന്നും, ഹിന്ദു സമൂഹത്തില്‍ നിന്നും നേരിട്ടോ അല്ലാതെയോ നേട്ടമുണ്ടാക്കുന്ന കുടുംബങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തന്നെ സനാതന ധര്‍മത്തെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് അങ്ങേയറ്റം വിരോധാഭാസമാണ്,’ അലോക് കുമാര്‍ പറഞ്ഞു.
സനാതന ഹിന്ദുധര്‍മം തമിഴ്‌നാടിന്റെ മാത്രമല്ല മുഴുവന്‍ രാജ്യത്തിന്റെയും സാംസ്‌കാരിക ആത്മാവാണെന്നും അദ്ദേഹം പറഞ്ഞു.
‘സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച നിരവധി പ്രത്യയശാസ്ത്രങ്ങള്‍ സ്വയം അപ്രത്യക്ഷമായതിന് ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതേസമയം സനാതന ധര്‍മം അതേ ശക്തിയോടെയും വിശ്വാസത്തോടെയും സാര്‍വത്രികതയോടെയും സമൂഹത്തെ നയിക്കുന്നത് തുടരുന്നു, ഭാവിയിലും അത് തുടരും,’ അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടണമെന്ന് ഉദയനിധി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം സഭയില്‍ ആവര്‍ത്തിച്ചിരുന്നു. പിന്നാലെയാണ് വി.എച്ച്.പി നേതാവ് അപലപിച്ച് രംഗത്തെത്തിയത്.
സനാതന ധര്‍മത്തെ എതിര്‍ക്കുകയല്ല മറിച്ച് പൂര്‍ണമായും തുടച്ചുനീക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സനാതന ധര്‍മം സാമൂഹിക നീതിക്ക് വിരുദ്ധമാണെന്ന തന്റെ 2023 ലെ നിലപാടാണ് അദ്ദേഹം ആവര്‍ത്തിച്ചത്.
Content Highlight: Tamil Nadu’s new CM should clarify whether he supports Sanatan traditions; Udayanidhi Stalin’s statement should be removed: VHP