| Wednesday, 3rd September 2025, 12:53 pm

റോബിന്‍ ബസ് വീണ്ടും കസ്റ്റഡിയില്‍ എടുത്ത് തമിഴ്‌നാട് ആര്‍.ടി.ഒ; കോടതിയെ സമീപിക്കുമെന്ന് ബസുടമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: നിയമലംഘനത്തിന്റെ പേരില്‍ നിരവധി തവണ നിയമനടപടി നേരിട്ട റോബിന്‍ ബസ് വീണ്ടും കസ്റ്റഡിയില്‍ എടുത്ത് തമിഴ്‌നാട് ആര്‍.ടി.ഒ. തമിഴ്‌നാട് റോഡ് ടാക്‌സ് അടക്കണമെന്നാവശ്യപ്പെട്ടാണ് ആര്‍.ടി.ഒ ബസ് കസ്റ്റഡിയില്‍ എടുത്തത്.

പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലെത്തിയപ്പോഴാണ് ബസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ബസിന് ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടെന്നാണ് ബസ് ഉടമ ഗിരീഷ് പറയുന്നത്. എന്നാല്‍ വീണ്ടും ബസ് കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് ആര്‍.ടി.ഒയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കും എന്നാണ് ഗിരീഷ് അറിയിച്ചത്.

നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് റോബിന്‍ ബസിന് നേരത്തേയും നിരവധി വിവാദങ്ങളുണ്ടായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് പത്തനംതിട്ടയില്‍നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന റോബിന്‍ ബസിനെതിരെ നിരവധി തവണ നടപടിയെടുത്തത്.

പെര്‍മിറ്റില്ലാതെയാണ് വാഹനം സര്‍വീസ് നടത്തുന്നതെന്നുകാണിച്ച് തമിഴ്‌നാട് ആര്‍.ടി.ഒ മുമ്പ് ബസിനെതിരെ നടപടിയെടുത്തത്.

പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് കാണിച്ച് റോബിന്‍ ബസിനെതിരെ കേരള സര്‍ക്കാരും എം.വി.ഡിയും ബസിന് പിഴ ചുമത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Content highlight: Tamil Nadu RTO takes Robin bus into custody again

We use cookies to give you the best possible experience. Learn more