| Saturday, 9th May 2026, 10:10 pm

തമിഴ്‌നാട്ടിലിനി ജനനായകന്‍ യുഗം; മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

നിഷാന. വി.വി

ചെന്നൈ: ടി.വി.കെ മേധാവി വിജയ് തമിഴ്‌നാടിന്റെ നായകനായി നാളെ അധികാരമേല്‍ക്കും. രാവിലെ പത്ത് മണിക്കാണ് സത്യ പ്രതിജ്ഞ. വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലൊടുവിലാണ് വിജയ് അധികാരമേല്‍ക്കാന്‍ പോവുന്നത്.

ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് സത്യ പ്രതിജ്ഞാ ചടങ്ങ്.
എന്നാല്‍ പുതുതായി അധികാരത്തിലേക്കുള്ള സര്‍ക്കാര്‍ മെയ് 13 നകം നിയമസഭയില്‍ വിശ്വാസ വോട്ട് നേടണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.

വി.സി.കെ പിന്തുണ കത്ത് നല്‍കിയതോടെയായിരുന്നു വിജയ്ക്ക് കേവല ഭൂരിപക്ഷത്തിനുള്ള എണ്ണം തികഞ്ഞത്. പിന്നാലെ മുസ് ലിം ലീഗും ഉപാധികളില്ലാതെ പിന്തുണ അറിയിച്ചു.

ടി.വി.കെ മേധാവി വിജയ് ഗവര്‍ണറെ കാണുകയായിരുന്നു. പിന്നാലെയാണ് തീരുമാനം.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇത് നാലാം തവണയാണ് വിജയ് ഗവര്‍ണറെ കാണുന്നത്. ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ചിരുന്നില്ല.

ആകെ 234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയില്‍ 118 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് 11 സീറ്റുകള്‍ കൂടി വിജയ്ക്ക് ആവശ്യമായിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് പിന്നാലെ സി.പി.ഐ, സി.പി.എം, വി.സി.കെ പാര്‍ട്ടികള്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സുരക്ഷിതമായ ഭൂരിപക്ഷത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.

തമിഴ്നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് ദളപതി വിജയ് ഭരണത്തിലേക്ക് വരുന്നത്. കേവല ഭൂരിപക്ഷത്തിനായി കഠിനശ്രമം നടത്തിയാണ് വിജയ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.

Content Highlight: Tamil Nadu is entering the era of Jananayak; Vijay to take oath as Chief Minister tomorrow

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more