| Sunday, 13th April 2025, 8:28 am

വിദ്യാർത്ഥികളെക്കൊണ്ട് ജയ് ശ്രീറാം പറയിപ്പിച്ച് തമിഴ്‌നാട് ഗവർണർ; പ്രതിഷേധം ഉയരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: വിദ്യാർത്ഥികളെക്കൊണ്ട് ജയ് ശ്രീറാം പറയിപ്പിച്ച് തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി. മധുര ത്യാഗരാജർ കോളേജിൽ നടന്ന ചടങ്ങിനിടെയായിരുന്നു ഗവർണർ വിദ്യാർത്ഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചത്.

‘ദി പവർ ഓഫ് എഡ്യൂക്കേഷണൽ അലയൻസ്’ എന്ന പേരിൽ തമിഴ് കവി കമ്പരുടെ അനുസ്മരണാർത്ഥം നടത്തിയ സംസ്ഥാനതല പ്രസംഗ മത്സരത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ. മധുര ജില്ലയിലെ തിരുപ്പറംകുണ്ഡ്രം പ്രദേശത്തുള്ള മധുര ത്യാഗരാജർ കോളേജിൽ വെച്ചായിരുന്നു പരിപാടി നടന്നത്. സംസ്ഥാനതല പ്രസംഗ മത്സരത്തിലെ വിജയികൾക്ക് മുഖ്യാതിഥിയായി ക്ഷണിച്ച ഗവർണർ സമ്മാനങ്ങൾ നൽകി.

ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയ തമിഴ്‍നാട് ഗവർണർ ആർ.എൻ. രവി പ്രസംഗത്തിനിടെ വിദ്യാർത്ഥികളോട് ജയ് ശ്രീറാം എന്ന പറയാൻ ആവശ്യപ്പെടുകയായിരുന്നു.

കമ്പർ മധ്യകാല ഇന്ത്യയിലെ തമിഴ് കവിയും കമ്പരാമായണം എന്ന് അറിയപ്പെട്ടിരുന്ന രാമാവതാരം എന്ന കൃതിയുടെ രചയിതാവുമായിരുന്നു. രാമായണത്തിന്റെ തമിഴ് പതിപ്പായി കമ്പരാമായണം അറിയപ്പെടുന്നു.

വാല്മീകിയുടെ രാമായണവും കമ്പരാമായണവും താരതമ്യം ചെയ്ത ഗവർണർ വാല്മീകി രാമായണത്തിൽ രാവണൻ സീതയെ സ്പർശിക്കുകയും കൊണ്ടുപോകുകയും ചെയ്യുന്നു, പക്ഷേ കമ്പർ അത് പറയാൻ ആഗ്രഹിച്ചില്ല. കമ്പരാമായണത്തിൽ രാവണൻ സീതയെ ഒരിക്കലും തൊടുന്നില്ലെന്ന് ഉറപ്പുവരുത്തി. സ്ത്രീകൾക്ക് അദ്ദേഹം നൽകിയിരുന്ന അപാരമായ ബഹുമാനത്തെയാണത് സൂചിപ്പിക്കുന്നത്.

തമിഴ്നാട്ടിലെ ഭരണകക്ഷിയിലെ ഒരു മുതിർന്ന നേതാവ് സ്ത്രീകളെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയെന്നും ഒരു പരിഷ്കൃത സമൂഹത്തിൽ അത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പിന്നാലെ അദ്ദേഹം പരിപാടിയിൽ കമ്പറിനെ അനുസ്മരിക്കാനും കമ്പർ വിശ്വസിക്കുകയും ആരാധിക്കുകയും എഴുതുകയും ചെയ്ത ദൈവമായ ശ്രീരാമന് വേണ്ടി ജയ് വിളിക്കാനും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഗവർണർ ജയ് ശ്രീറാം എന്ന് ചൊല്ലിക്കൊടുക്കുകയും വേദിയിലുള്ളവർ അത് ഏറ്റ് പറയുകയും ചെയ്തു.

സംഭവം വലിയ വിവാദത്തിന് കാരണമായി. മതേതര വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒരു മതപരമായ മുദ്രാവാക്യം വിളിച്ചതിനെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതികരണങ്ങളും വിമർശനങ്ങളും ഉയർന്നു.

Content Highlight: Tamil Nadu Governor makes students chant Jai Shri Ram

We use cookies to give you the best possible experience. Learn more