| Sunday, 10th May 2026, 10:33 am

മുതല്‍ അമൈച്ചര്‍ ദളപതി: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ടി.വി.കെ നേതാവ് വിജയ് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്.

ഇന്ന് രാവിലെ പത്ത് മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിജയ്‌ക്കൊപ്പം ഒന്‍പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എന്‍. ആനന്ദ്, ആധവ് അര്‍ജുന, ഡോ. കെ.ജി അരുണ്‍രാജ്, കെ.എ. സെങ്കോട്ടൈയ്യന്‍, രാജ്‌മോഹന്‍, ആര്‍. നിര്‍മല്‍കുമാര്‍, പി. വെങ്കട്ടരമണന്‍, ടി.കെ. പ്രഭു, എസ്. കീര്‍ത്തന എന്നിവരാണ് സ്ഥാനമേറ്റ കാബിനറ്റ് മന്ത്രിമാര്‍.

അധികാരമേറ്റയുടനെ ചില സുപ്രധാന ഫയലുകളിലും വിജയ് ഒപ്പുവച്ചു. ടി.വി.കെ പ്രകടന പത്രികയില്‍ പറയുന്ന 200 യൂണിറ്റ് സൗജന്യ വൈദ്യുതി, വനിതാ സംരക്ഷണ സേന, മയക്ക് മരുന്ന് വിരുദ്ധ സ്‌ക്വാഡ് തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകളിലാണ് വിജയ് ഒപ്പുവച്ചത്.

വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍, 234 അംഗ നിയമസഭയില്‍ 120 എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിച്ച ശേഷമാണ് വിജയ് അധികാരമേറ്റത്. കോണ്‍ഗ്രസിനെ ഭരണത്തിലെ സഖ്യകക്ഷിയാക്കായാണ് ടിവികെ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. സി.പി.ഐ, സി.പി.എം, മുസ്‌ലിം ലീഗ്, വി.സി.കെ പാര്‍ട്ടികളുടെ പിന്തുണയും സര്‍ക്കാരിനുണ്ട്.

തമിഴ്നാട് നിയമസഭയില്‍ 118 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് 11 സീറ്റുകള്‍ കൂടി വിജയ്ക്ക് ആവശ്യമായിരുന്നു. കോണ്‍ഗ്രസ്, സിപിഎം,സിപിഐ, മുസ്‌ലിം ലീഗ്, വി.സി.കെ എന്നീ പാര്‍ട്ടികളുടെ പിന്തുണ നേടിയതോടെ വിജയ് ഈ കടമ്പ മറികടക്കുകയായിരുന്നു.

പുതുതായി അധികാരമേല്‍ക്കുന്ന സര്‍ക്കാര്‍ മെയ് 13 നകം നിയമസഭയില്‍ വിശ്വാസ വോട്ട് നേടണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു.

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് ദളപതി വിജയ് ഭരണത്തിലേക്ക് വരുന്നത്. കേവല ഭൂരിപക്ഷത്തിനായി കഠിനശ്രമം നടത്തിയാണ് വിജയ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.

Tamil Nadu: C. Joseph Vijay sworn in as Chief Minister

Latest Stories

We use cookies to give you the best possible experience. Learn more