| Wednesday, 8th October 2025, 4:58 pm

ഗസയിൽ വെടിനിർത്തലിനായി പ്രമേയം അവതരിപ്പിക്കാൻ തമിഴ്നാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഗസയിൽ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ തമിഴ്നാട് സർക്കാർ. ഗസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും യുദ്ധം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് പ്രമേയം. ഈ പ്രമേയം ഒക്ടോബർ 14ന് സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഇസ്രഈല്‍ വംശഹത്യക്കെതിരെ സി.പി.ഐ.എം സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ പ്രമേയം തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരങ്ങളെ പ്രതിഫലിക്കുന്നതാണ്. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പാർട്ടികളും ഈ പ്രമേയത്തെ പിന്തുണക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ സ്റ്റാലിൻ പറഞ്ഞു.

ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യയിൽ ലോകമൊന്നാകെ ആശങ്കയിലാണെന്നും ഈ യോഗത്തിൽ പങ്കെടുത്ത എല്ലാവരും ഇസ്രഈൽ നടത്തുന്ന അക്രമണങ്ങളെ അപലപിക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. 500000ലധികം പേർ ഇസ്രഈലിന്റെ വംശഹത്യയിൽ കൊല്ലപ്പെട്ടതായും എന്നിട്ടും ഫലസ്തീനിലെ ജനങ്ങൾ തങ്ങളുടെ പോരാട്ടം തുടരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘26000 കുട്ടികൾക്ക് തങ്ങളുടെ മാതാപിതാക്കളെ നഷ്ടമായി. ഒരു ലക്ഷത്തിലധികം പേര് പരിക്കേറ്റ ആശുപതിയിലാണ്. ഗസയിലെ ഭൂരിഭാഗം സ്ഥലങ്ങളും പൂർണമായും നശിപ്പിക്കപ്പെട്ടു. എന്നിട്ടും ഇസ്രഈൽ അധിനിവേശത്തിനെതിരെ ഫലസ്തീൻ ജനത തങ്ങളുടെ പോരാട്ടം തുടരുന്നു.

ഭക്ഷണ – ദുരിതാശ്വാസ വസ്തുക്കളുമായി എത്തിയ 47 രാജ്യങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരെ ഇസ്രഈൽ അറസ് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഇസ്രാഈലിന്റെ ഇത്തരം നടപടികളെ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കുക? എങ്ങനെയാണ് നമ്മൾ ഇതിന്റെ നിശബ്ദ കാഴ്ച്ചക്കാരായിരിക്കുക? ,’ സ്റ്റാലിൻ കൂട്ടിച്ചേർത്തു.

അതേസമയം സി.പി.ഐ.എം സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ കഫിയ ധരിച്ചാണ് സ്റ്റാലിൻ പങ്കെടുത്തത്. ഗസയിലെ സാഹചര്യങ്ങളെ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി മാത്രം കാണരുതെന്നും അതൊരു മാനുഷിക വിഷയമാണെന്നും പരിപാടിയിൽ സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ ഗസയില്‍ സമാധാനം പുനസ്ഥാപിക്കാനായി ഇടപെടണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

അതേസമയം, ഗസയിൽ വെടിനിർത്തലിനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച കരാർ ഇസ്രഈലും ഭാഗികമായി ഹമാസും അംഗീകരിച്ചിരുന്നു. രണ്ട് വര്‍ഷമായി തുടരുന്ന ഗസയിലെ ആക്രമണം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതി തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയത്. ട്രംപും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു പദ്ധതി പുറത്തിറക്കിയത്.

Content Highlight: Tamil Nadu Government to pass resolution for ceasefire in Gaza; MK Stalin

We use cookies to give you the best possible experience. Learn more