| Wednesday, 17th December 2025, 9:46 am

തിരുപ്രംകുണ്ഡ്രം: ശിലാസ്തംഭം ഹിന്ദുക്കളുടേതല്ല, നിര്‍മിച്ചത് ജൈന സന്യാസിമാര്‍: തമിഴ്‌നാട് സര്‍ക്കാര്‍

ആദര്‍ശ് എം.കെ.

മധുരൈ: തിരുപ്രംകുണ്ഡ്രം കുന്നിന്‍മുകളിലെ ശിലാസ്തംഭത്തിന് ഹിന്ദുമതവുമായി ബന്ധമില്ലെന്നും ജൈന സന്യാസിമാര്‍ നിര്‍മിച്ചതാണെന്നും ഹൈക്കോടതിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍. പുരാവസ്തു ഗവേഷകരുടെ പ്രബന്ധങ്ങള്‍ ഉദ്ധരിച്ചാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യം ഹെക്കോടതിയുടെ മധുരൈ ബെഞ്ചിനെ ബോധിപ്പിച്ചത്.

മധുരൈ ജില്ലയിലെ മറ്റ് കുന്നുകളിലും സമാനമായ തൂണുകളുണ്ടെന്ന് തമിഴ്‌നാട് ദേവസ്വം വകുപ്പിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മധ്യപ്രദേശില്‍ നിന്നുള്ള ജൈനമതവിശ്വാസികള്‍ കര്‍ണാടകയിലേക്കും തുടര്‍ന്ന് തമിഴ്‌നാട്ടിലേക്കും വന്നിരുന്നുവെന്നും, ഇവര്‍ താമസിച്ചിരുന്ന കുന്നിന്‍ മുകളില്‍ രാത്രികാലങ്ങളില്‍ ഒത്തുകൂടുമ്പോള്‍ വിളക്ക് തെളിയിക്കാന്‍ അവര്‍ ഇത്തരത്തിലുള്ള തൂണുകള്‍ ഉപയോഗിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പുരാതന കാലങ്ങളില്‍ തന്നെ നിരവധി ജൈനക്ഷേത്രങ്ങളും ജൈന സന്യാസിമാര്‍ ധ്യാനത്തിനും താമസത്തിനുമായി ഉപയോഗിച്ചിരുന്ന ജൈന താവളങ്ങളും ഉണ്ടായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. മഹാവീരനടക്കമുള്ള ജൈന തീര്‍ത്ഥങ്കരന്‍മാരുടെ പ്രതിമകളും ഇവിടെ ഉണ്ടെന്നുള്ളതിനും തെളിവുകളുണ്ട്.

കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന സിക്കന്ദര്‍ ബാദ്ഷാ ദര്‍ഗയുടെ പരിധിയില്‍ വരുന്ന ഭൂമിയിലാണ് ഈ ശിലാസ്തംഭം സ്ഥിതിചെയ്യുന്നതെന്ന് തമിഴ്‌നാട് വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. ഇവിടെ ദീപം തെളിയിക്കുന്ന പതിവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ ശിലാസ്തംഭം ക്ഷേത്രത്തിന്റെ ഭാഗമല്ലെന്ന് തമിഴ്നാട് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ബോര്‍ഡും (ടി.എന്‍.എച്ച്.ആര്‍ ആന്‍ഡ് സി.ഇ) കോടതിയെ അറിയിച്ചിരുന്നു.

ഈ ശിലാനിര്‍മിതിയില്‍ കാര്‍ത്തിക ദീപം കത്തിക്കുന്ന രീതി നിലവില്‍ ഉണ്ടായിരുന്നതായി ഒരു രേഖയുമില്ലെന്ന് തിരുപ്രംകുണ്ഡ്രം അരുള്‍മിഗു സുബ്രഹ്‌മണ്യ ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജി. മസിലാമണി പറഞ്ഞു.

ക്ഷേത്രവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ ദീപത്തൂണ്‍ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിലുള്ളതാണെന്നും ദര്‍ഗയ്ക്ക് സമീപമുള്ളതല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കാര്‍ത്തിക ദീപോത്സവത്തിന്റെ ഭാഗമായി ഈ തൂണിലാണ് ദീപം കൊളുത്താറുള്ളത്.

ദര്‍ഗയ്ക്ക് സമീപത്തുള്ള തൂണില്‍ ദീപം തെളിയിക്കാന്‍ അനുവദിച്ച് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും ക്ഷേത്ര, ദര്‍ഗ കമ്മിറ്റി ഭാരവാഹികളുമാണ് കോടതിയെ സമീപിച്ചത്.

ഒരു നൂറ്റാണ്ടിലേറെയായി ഉച്ചിപ്പിള്ളയര്‍ ക്ഷേത്രത്തിന് സമീപത്തുള്ള തൂണില്‍ മാത്രമാണ് പരമ്പരാഗതമായി കാര്‍ത്തിക ദീപം കത്തിച്ചിരുന്നതെന്നും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ക്ഷേത്രാചാരങ്ങള്‍ മാറ്റാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ എസ്. ശ്രീധര്‍ വാദിച്ചു.

ദീപത്തൂണ്‍ എന്നറിയപ്പെടുന്ന തൂണില്‍ കാര്‍ത്തിക വിളക്ക് കൊളുത്താന്‍ തമിഴ്നാട് ഹൈക്കോടതിയില്‍ നിന്നും തീവ്രഹൈന്ദവ സംഘടനകള്‍ അനുകൂല വിധി സമ്പാദിച്ചതിന് പിന്നാലെയാണ് തിരുപ്രംകുണ്ഡ്രം ക്ഷേത്രവും മലമുകളിലെ മസ്ജിദും വാര്‍ത്തകളില്‍ ഇടം നേടിയത്. ഇവിടെ ദീപം കൊളുത്താനെത്തിയ തീവ്രഹൈന്ദവ സംഘടനകളെ പൊലീസ് തടയുകയും, ജില്ലാ കളക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

Content Highlight: Tamil Nadu government has told the High Court that the Thirupramkundram stone pillar has no connection with Hinduism

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more