| Sunday, 27th April 2025, 9:16 pm

സുപ്രീം കോടതി മുന്നറിയിപ്പിന് പിന്നാലെ തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സുപ്രീം കോടതി മുന്നറിയിപ്പിന്  പിന്നാലെ തമിഴ്‌നാട് വൈദ്യുതി മന്ത്രിയും ഡി.എം.കെ നേതാവുമായ സെന്തില്‍ ബാലാജി രാജിവെച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീം കോടതിയുടെ താക്കീതുകള്‍ നേരിട്ടതിന് പിന്നാലെയാണ് രാജി.

മന്ത്രി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് നേരത്തെ സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജാമ്യം വേണോ അധികാരം വേണോ എന്നായിരുന്നു സെന്തില്‍ ബാലാജിയോട് സുപ്രീം കോടതി ചോദിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായിരുന്ന സെന്തില്‍ ബാലാജിക്ക് സെപതംബര്‍ 24നാണ് സുപ്രീം കോടതി ജാമ്യമനുവദിച്ചത്. വിചാരണയില്‍ കാലതാമസം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം.

ജസ്റ്റിസുമാരായ അഭയ് എസ്.ഓക്കെ, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ജാമ്യം നല്‍കിയത്. കര്‍ശനമായ നിബന്ധനകളോട് കൂടിയായിരുന്നു ജാമ്യം.

ശൈവമതത്തെയും വൈഷ്ണവമതത്തെയും ലൈംഗികത്തൊഴിലാളിയുമായി ബന്ധിപ്പിക്കുന്ന വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിഷേധം നേരിട്ട മറ്റൊരു മന്ത്രി കെ പൊന്‍മുടിയും രാജിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ നടപടികള്‍ ആരംഭിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം രാജി വെക്കുന്നത്.

Content Highlight: Tamil Nadu Electricity Minister Senthil Balaji resigns

We use cookies to give you the best possible experience. Learn more