| Sunday, 29th March 2026, 12:42 pm

തമിഴ്‌നാട് തെരഞ്ഞെടുപ്പ്: രണ്ട് മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടാന്‍ വിജയ്

അനിത സി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുമെന്ന് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയ്.

ചെന്നൈയിലെ തിരുച്ചി ഈസ്റ്റില്‍ നിന്നും പെരമ്പൂരില്‍ നിന്നും വിജയ് മത്സരിക്കും. തെരഞ്ഞെടുപ്പിനുള്ള ടി.വി.കെയുടെ സ്ഥാനാര്‍ത്ഥി പട്ടികയും വിജയ് പുറത്തുവിട്ടു.

സംശുദ്ധമായ ഭരണത്തിനും ജനകേന്ദ്രീകൃതമായ രാഷ്ട്രീയത്തിനും വേണ്ടി ടി.വി.കെ ശക്തമായി വാദിക്കുമെന്ന് വിജയ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് പ്രതികരിച്ചു.

അഴിമതിയില്‍ നിന്നും പൊതുഫണ്ട് ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും ഒരു മാറ്റം വേണമെന്ന് ടി.വി.കെക്കായി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് വിജയ് പറഞ്ഞു. തമിഴ്‌നാട്ടിലെ 234 സീറ്റിലും ടി.വി.കെ മത്സരിക്കുമെന്നും നടന്‍ പ്രഖ്യാപിച്ചിരുന്നു.

ഭരണകക്ഷിയായ ഡി.എം.കെയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തന്റെ പാര്‍ട്ടിക്ക് പൊതുയോഗങ്ങള്‍ നടത്താന്‍ പൊലീസ് അനുമതി നല്‍കുന്നില്ലെന്ന് ആരോപിച്ച് വിജയ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

ചെന്നൈയില്‍ ടി.വി.കെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം സംസ്ഥാന ഭരണകൂടവും പൊലീസും തടയുകയാണെന്ന് വിജയ് ആരോപിച്ചിരുന്നു.

ജനാധിപത്യത്തിനെതിരായ ഫാസിസ്റ്റ് ആക്രമണമാണിത്. പുതിയ ഒരു രാഷ്ട്രീയ പ്രസ്ഥാനമായ ടി.വി.കെയുടെ ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്താനായി ചില ഉദ്യോഗസ്ഥര്‍ ഭരണകക്ഷിയുടെ സേവകരായി പ്രവര്‍ത്തിക്കുകയാണെന്നും വിജയ് ആരോപിച്ചിരുന്നു. വിഷയത്തില്‍ ടി.വി.കെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു.

വിജയ്‌യുടെ ആരോപണങ്ങള്‍ ഡി.എം.കെ നിഷേധിച്ചു. പൊതുയോഗങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്തിനാണ് ഈ വിഷയത്തില്‍ പാര്‍ട്ടിയെ കുറ്റം പറയുന്നതെന്ന് ഡി.എം.കെയുടെ മുതിര്‍ന്ന നേതാവും ആരോഗ്യമന്ത്രിയുമായ മാ സുബ്രഹ്‌മണ്യന്‍ തിരിച്ചടിച്ചിരുന്നു.

Content Highlight: Tamil Nadu elections: Vijay to contest from two constituencies

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more