| Monday, 4th May 2026, 10:58 am

തെരി ബേബി! വിജയ് കൊടുങ്കാറ്റില്‍ സ്റ്റാലിനും അടിത്തറയിളകി! അണ്ണാ ഡി.എം.കെയ്ക്കും പിന്നില്‍ മൂന്നാമത്

ആദർശ് എം.കെ.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ദ്രാവിഡ മണ്ണില്‍ തമിഴക വെട്രി കഴകത്തിന്റെ വിസില്‍ മുഴക്കം. വിജയ് നേതൃത്വം നല്‍കുന്ന പാര്‍ട്ടി ദ്രാവിഡ രാഷ്ട്രീയത്തില്‍ ശക്തമായ കാലൊച്ച കേള്‍പ്പിച്ചാണ് തങ്ങളുടെ കന്നിയങ്കത്തില്‍ തന്നെ കരുത്ത് കാട്ടുന്നത്.

തമിഴ്‌നാട് രാഷ്ട്രീയ സമവാക്യം തന്നെ തിരുത്തിയെഴുതാന്‍ പോന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് ആദ്യ ഘട്ട ഫലസൂചനകള്‍ ചൂണ്ടിക്കാട്ടുന്നത്.

ആകെയുള്ള 234 സീറ്റുകളില്‍ 98ലും ടി.വി.കെ ലീഡ് ചെയ്യുകയാണ്. പാര്‍ട്ടി അധ്യക്ഷന്‍ വിജയ് മത്സരിക്കുന്ന പെരമ്പൂരിലും ട്രിച്ചി ഈസ്റ്റിലും ലീഡ് തുടരുകയാണ്. പെരമ്പൂരില്‍ വിജയ് 2990 വോട്ടിനും ട്രിച്ചി ഈസ്റ്റില്‍ 3299 വോട്ടിനുമാണ് വിജയ് ലീഡ് ചെയ്യുന്നത്. ഇരു സീറ്റുകളിലും ഡി.എം.കെയാണ് രണ്ടാം സ്ഥാനത്ത്.

മുഖ്യമന്ത്രി സ്റ്റാലിന്റെ മണ്ഡലത്തിലും ടി.വി.കെ വ്യക്തമായ ലീഡ് തുടരുകയാണ്. കൊളത്തൂരില്‍ നിലവില്‍ എം.കെ. സ്റ്റാലിന്‍ 2277 വോട്ടുകള്‍ക്ക് പിന്നിലാണ്. ടി.വി.കെയുടെ വി.എസ്. ബാബുവാണ് നിലവില്‍ ഒന്നാമത്.

ചെപ്പോക് – തിരുവല്ലികേണിയില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും നിലവില്‍ പിന്നിലാണ്. ഇവിടെയും ടി.വി.കെ തന്നെയാണ് ലീഡ്.

പ്രധാന പ്രതിപക്ഷ കക്ഷിയായ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകമാണ് നിലവില്‍ ലീഡ് ചെയ്യുന്ന രണ്ടാമത്തെ ഒറ്റ കക്ഷി. 63 സീറ്റുകളിലാണ് അണ്ണാ ഡി.എം.കെ മുന്നിട്ട് നില്‍ക്കുന്നത്.

35 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ ഡി.എം.കെയ്ക്ക് ലീഡ് നേടാന്‍ സാധിച്ചിട്ടുള്ളത്.

പട്ടാളി മക്കള്‍ കച്ചി ഏഴ് സീറ്റുകളിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുമ്പോള്‍ സി.പി.ഐയും തോള്‍ തിരുമാവളവന്റെ വി.സി.കെയും രണ്ട് വീതം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

ക്യാപ്റ്റന്‍ വിജയകാന്തിന്റെ ഡി.എം.ഡി.കെ, ബി.ജെ.പി, സി.പി.ഐ.എം, പുതിയ തമിഴകം എന്നിവര്‍ ഓരോ സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു.

Content Highlight: Tamil Nadu Election 2026: TVK leads, DMK fumbles

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more