| Thursday, 28th May 2026, 8:32 pm

ഗോവധ നിരോധനം: സുപ്രീം കോടതിയെ സമീപിക്കുമോ അതോ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ മിണ്ടാതിരിക്കുമോ; ലീഗിനോട് ഡി.എം.കെ

ആദര്‍ശ് എം.കെ.

ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെ ഗോവധ നിരോധന ഉത്തരവില്‍ മുസ്‌ലിം ലീഗിനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ കക്ഷിയായ ഡി.എം.കെ. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായ മുസ്‌ലിം ലീഗിന്റെ അഭിപ്രായമെന്താണെന്ന് ഡി.എം.കെ ചോദിച്ചു.

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമിപിക്കുമോ അതോ സര്‍ക്കാരിന്റെ ഭാഗമായതിനാല്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന് കരുതി അവഗണിക്കുമോ എന്നായിരുന്നു ഡി.എം.കെയുടെ ചോദ്യം.

മുസ്‌ലിം ലീഗ് ഈ വിഷയത്തില്‍ മൗനം വെടിയണമെന്നും നിലപാട് വ്യക്തമാക്കണമെന്നും ഡി.എം.കെ വക്താവയ ശരവണന്‍ അണ്ണാദുരെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ബലിപെരുന്നാള്‍ പ്രമാണിച്ചും അല്ലാതെയും തമിഴ്‌നാട്ടില്‍ പശുക്കളെയും പശുക്കിടാങ്ങളെയും അറുക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കിയത്. തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കോടതി ഇതുസംബന്ധിച്ച ഉത്തരവ് കൈമാറിയിരുന്നു.

ബലിപെരുന്നാള്‍ സമയത്ത് പശുവിനെയോ പശുക്കിടാവിനെയോ അറക്കുന്നത് മതപരമായ ചടങ്ങല്ലെന്നും അങ്ങനെയൊരു രീതി മുസ്‌ലിം വിഭാഗത്തില്‍ ഇല്ലെന്നും നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്.

കോയമ്പത്തൂര്‍ സ്വദേശിയായ കെ. സൂര്യ പ്രശാന്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ ജി.ആര്‍. സ്വാമിനാഥന്‍, വി. ലക്ഷ്മിനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്.

സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ബെഞ്ച് ഗോവധ നിരോധനം കര്‍ശനമാക്കാന്‍ ഉത്തരവിട്ടത്. ഭരണഘടനയിലെ 48ാം അനുച്ഛേദം അനുസരിച്ച് ഗോവധം തടയാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചു.

തമിഴ്‌നാട്ടില്‍ 1976 ഓഗസ്റ്റ് 30 മുതല്‍ ഗോവധ നിരോധനം നിലവിലുണ്ട്. ഈ നിയമം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് കോടതി ഇപ്പോള്‍ ആവശ്യപ്പെട്ടത്.

അംഗീകൃത അറവുശാലകളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചല്ലാതെ മൃഗങ്ങളെ കശാപ്പ് ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ, താത്കാലിക അറവുശാലകള്‍ അനുവദിക്കില്ലെന്നും പൊതുസ്ഥലങ്ങളില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് തടയണമെന്നും കോടതി നിര്‍ദേശിച്ചു

Content highlight: Tamil Nadu:  DMK demands Muslim League clarify stand on cow slaughter ban

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more