| Thursday, 8th January 2026, 4:47 pm

രോഹന്റെ ഫിഫ്റ്റിക്കും രക്ഷിക്കാനായില്ല; അണ്ണന്‍ തമ്പി പോരില്‍ മുട്ടുകുത്തി കേരളം

ഫസീഹ പി.സി.

വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനോട് തോല്‍വി വഴങ്ങി കേരളം. ടൂര്‍ണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 77 റണ്‍സിനാണ് ടീമിന്റെ തോല്‍വി. കേരളത്തിന്റെ മിഡില്‍ ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞതോടെയാണ് ടീമിന് തോല്‍വി വഴങ്ങേണ്ടി വന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് കേരളത്തിന് മുന്നില്‍ 295 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന കേരളം 217 റണ്‍സിന് പുറത്തായി.

തമിഴ്നാടിന് എതിരെയായ മറുപടി ബാറ്റിങ്ങില്‍ കേരളത്തിന് മികച്ച തുടക്കം ലഭിച്ചിരുന്നു. എന്നാല്‍, അത് ടീമിന് മുതലാക്കാനായില്ല. ടീമിനായി രോഹന്‍ കുന്നുമ്മലാണ് മികച്ച പ്രകടനം നടത്തിയത്. താരം 45 പന്തില്‍ അഞ്ച് സിക്സും ഏഴ് ഫോറും അടക്കം 73 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

രോഹൻ കുന്നുമ്മൽ. Photo: 𝗕𝗥𝗨𝗧𝗨/x.com

താരത്തിനൊപ്പം വിഷ്ണു വിനോദും ബാബ അപരാജിതും ഭേദപ്പെട്ട പ്രകടനം നടത്തിയത്. വിഷ്ണു 31 പന്തില്‍ 35 റണ്‍സെടുത്തപ്പോള്‍ അപരാജിത് 38 പന്തില്‍ 35 റണ്‍സും ചേര്‍ത്തു. മറ്റാര്‍ക്കും വലിയ സ്‌കോര്‍ സംഭാവന ചെയ്യാന്‍ സാധിച്ചില്ല. ഇതാണ് ടീമിന് വിനയായത്.

തമിഴ്‌നാടിനായി എസ്. മുഹമ്മദ് അലിയും സച്ചിന്‍ രതിയും നാല് വിക്കറ്റ് വീതം നേടി. ഒപ്പം സായി കിഷോര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 294 റണ്‍സെടുത്തിരുന്നു. ടീമിനെ മികച്ച സ്‌കോറിലെത്തിച്ചത് സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ നാരായണ്‍ ജഗദീഷാണ്. താരം 126 പന്തില്‍ 139 റണ്‍സ് നേടി.

ഒപ്പം ഭൂപതി വൈഷ്ണ കുമാര്‍ 20 പന്തില്‍ 35 റണ്‍സും അതിഷ് എസ്.ആര്‍ 54 പന്തില്‍ 33 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.

കേരളത്തിനായി ഈഡന്‍ ആപ്പിള്‍ ടോം ആറ് വിക്കറ്റുകള്‍ വീഴ്ത്തി. അങ്കിത് ശര്‍മയും ബിജു നാരായണനും ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

Content Highlight: Tamil Nadu defeated Kerala Cricket Team in Vijay Hazare Trophy

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more