| Tuesday, 26th August 2025, 11:16 am

മിശ്രവിവാഹങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസുകള്‍ തുറന്ന് കൊടുക്കാന്‍ തമിഴ്‌നാട് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മിശ്ര വിവാഹങ്ങള്‍ക്കും ജാതി, മതരഹിത വിവാഹങ്ങള്‍ക്കും വേദിയും സംരക്ഷണവും ഒരുക്കുന്നതിന് സംസ്ഥാനത്തെ സി.പി.ഐ.എമ്മിന്റെ എല്ലാ പാര്‍ട്ടി ഓഫീസുകളും തുറന്ന് കൊടുക്കുമെന്ന് തമിഴ്‌നാട് ഘടകം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖമാണ് ഈ പ്രഖ്യാപനം നടത്തിയത്. മനുഷ്യാവകാശ സംഘടനയായ ‘എവിഡന്‍സ്’ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

സംസ്ഥാനത്ത് ദുരഭിമാനക്കൊലകള്‍ തുടരുകയും മിശ്രവിവാഹിതര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ഔദ്യോഗിക സംവിധാനം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ദുരഭിമാന കൊലകള്‍ ഇല്ലാതാക്കാന്‍ പ്രത്യേക നിയനിര്‍മാണം നടത്തണമെന്ന സി.പി.ഐ.എം ആവശ്യം ഷണ്‍മുഖം പ്രസംഗത്തിനിടെ ആവര്‍ത്തിച്ചു.

‘തിരുനെല്‍വേലി ജില്ലയില്‍ മാത്രം ഒരു വര്‍ഷത്തിനുള്ളില്‍ 240 കൊലപാതകങ്ങള്‍ നടന്നു. സ്ഥിതി നിയന്ത്രണാതീതമായി കൊണ്ടിരിക്കുകയാണ്. ദുരഭിമാന കൊലയ്ക്ക് എതിരെ ജനവികാരം ഉയരുമ്പോള്‍ തന്നെ കൊലയാളികളെ മഹത്വവത്കരിക്കുന്ന പ്രവണതയും വര്‍ധിച്ചുവരികയാണ്,’ ഷണ്‍മുഖം പറഞ്ഞു.

എല്ലാ സമുദായങ്ങളിലും പുരോഗമന ചിന്താഗതിക്കാരുണ്ടെന്നും അവരെ തിരിച്ചറിഞ്ഞ് സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജാതിമാറി കല്യാണം കഴിച്ചതിന് നടക്കുന്ന ദുരഭിമാന കൊലകള്‍ തടയാന്‍ നിയമം വേണം.

അതിനായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി സംസാരിച്ചിരുന്നു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ സ്റ്റാലിന്‍ നിയമനിര്‍മാണം നടത്തണമെന്നും ഷണ്‍മുഖം കൂട്ടിച്ചേര്‍ത്തു.

‘മുഖ്യമന്ത്രിയോട് ഞങ്ങള്‍ സാഹചര്യം വിശദീകരിച്ചു. അദ്ദേഹം ഞങ്ങളുടെ ആവശ്യത്തിന് അനുകൂലമാണെന്ന് തോന്നി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം നിയമനിര്‍മാണം നടത്തണം. ഇപ്പോള്‍ ഇത്തരമൊരു നിയമത്തിന് ജനപിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഈ അവസരം പ്രയോജനപ്പെടുത്തണം,’ ഷണ്‍മുഖം പറഞ്ഞു.

Content Highlight: Tamil Nadu CPI(M) to open party offices for intercaste and non religious marriages

We use cookies to give you the best possible experience. Learn more